SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

അതിരപ്പിള്ളിയിലെ വിസ്മയക്കാഴ്ച, മലവെള്ളം തൊടാത്ത കാവൽമാടം

photo

ചാലക്കുടി: മഹാപ്രളയം വന്നു, ചുഴലിക്കാറ്റുകൾ കടന്നുപോയി, മലവെള്ളം ഇരമ്പിയെത്തി. പക്ഷേ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് തൊട്ടരികിലെ പാറക്കൂട്ടത്തിന് മുകളിൽ നിൽക്കുന്ന ചെറിയ കാവൽമാടത്തെ ഒന്നിനും കുലുക്കാനായില്ല. വർഷങ്ങളായി സഞ്ചാരികളുടെ കൗതുകമുണർത്തുന്ന ഈ ഷെഡ്ഡിനെ ചുറ്റിപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ പല കഥകളാണ് പ്രചരിക്കുന്നത്. 2018ലെ മഹാപ്രളയത്തിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ല. അടുത്തിടെ പുഴയിൽ വെള്ളം കുത്തിയൊഴുകിയപ്പോഴും വെള്ളം ഇതിന്റെ സമീപത്ത് പോലും എത്തിയില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച അത്ഭുത എൻജിനിയറിംഗ് മാതൃകയാണിതെന്നും, കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഇത് മാതൃകയാക്കണമെന്നുമുള്ള പോസ്റ്റുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സിനിമാ ചിത്രീകരണത്തിനായി വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ചതാണെന്ന തരത്തിലുള്ള പ്രചാരണവും ശ്രദ്ധ നേടി. എന്നാൽ ഇതൊന്നും യാഥാർഥ്യമല്ല.


ശിൽപ്പികൾ വി.എസ്.എസ്


ഈ ഷെഡിന്റെ പിന്നിൽ ബ്രിട്ടീഷ് എൻജിനീയർമാരോ സിനിമാ പ്രവർത്തകരോ അല്ല, അതിരപ്പിള്ളിയിലെ വനസംരക്ഷണ സമിതി (വി.എസ്.എസ്) പ്രവർത്തകരാണ്.
ഏകദേശം 25 വർഷം മുമ്പ് വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനിടെ വെയിലും മഴയും ഏൽക്കാതിരിക്കാൻ വനപാലകരുടെ അനുമതിയോടെയാണ് ഷെഡ് നിർമ്മിക്കുന്നത്. പി.കെ. സഹജൻ, ടി.പി. ഷാജു, സി.വി. രാജൻ, കെ.എം. സുരേന്ദ്രൻ, അന്തരിച്ച ശിവനുണ്ണി എന്നിവരാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
രണ്ട് ഉയരമുള്ള കൂറ്റൻ പാറക്കെട്ടുകൾക്കുമുകളിൽ നാല് കാലുകളിലായാണ് ഷെഡ്ഡിന്റെ അടിത്തറ. മുകളിൽ ഈറ്റയോലയാണ് മേഞ്ഞിരിക്കുന്നത്.


നിലനിൽപ്പിന്റെ രഹസ്യം

ഷെഡിന്റെ കരുത്ത് സ്ഥാനം തിരഞ്ഞെടുക്കുന്നതിലാണ്. പ്രളയജലം പാറക്കെട്ടുകളിൽ തട്ടി ദിശമാറി ഒഴുകുന്നതിനാൽ ജലത്തിന്റെ ആഘാതം നേരിട്ട് ഷെഡ്ഡിൽ പതിക്കാറില്ല. അതാണ് വർഷങ്ങളായി എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് വെള്ളച്ചാട്ടത്തിന് കാവലാളായി ഈ ചെറിയ കാവൽമാടം ഇന്നും തലയുയർത്തി നിൽക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL