
തൃശൂർ: വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് കുറുപ്പം റോഡിലെ നടപ്പാത നിർമ്മാണം മുടങ്ങി. നടപ്പാത ഉയർത്തി നിർമ്മിക്കുന്നതിനെതിരായ പ്രതിഷേധത്തെ തുടർന്ന് മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് പ്രവൃത്തി നിറുത്തിവയ്ക്കാൻ തീരുമാനമായത്. ഇതോടെ ആഗസ്റ്റ് 2025ൽ തുറന്ന കുറുപ്പം റോഡിലെ നടപ്പാത നിർമ്മാണം ഇനിയും നീളും. സ്വരാജ് റൗണ്ടിൽനിന്ന് റെയിൽവേ, ശക്തൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലേക്കുള്ള കാൽനടയാത്രക്കാർ റോഡിന് മദ്ധ്യേ നടക്കേണ്ട അവസ്ഥയാണ്. ഈ വർഷമാദ്യം 2 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും കരാറെടുക്കാൻ ആരും തയ്യാറായില്ല. പിന്നീട് കോർപറേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ ഇടപെടലിലാണ് കരാറുകാരനെത്തിയത്. 50 മീറ്റർ നിർമ്മാണം പൂർത്തീകരിച്ചശേഷം വ്യാപാരികൾ ഉൾപ്പെടെ സംതൃപ്തരാണെങ്കിൽ മാത്രം ബാക്കി പ്രവൃത്തി തുടരാമെന്ന് കോർപറേഷൻ എൻജിനിയറിംഗ് അറിയിച്ചിരുന്നു. എന്നാൽ നിലവിലെ നിർമ്മാണം അശാസ്ത്രീയമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയതോടെയാണ് പ്രവൃത്തി നിറുത്തിവെക്കാൻ തീരുമാനമായത്. മേയർ ഡോ.നിജി ജസ്റ്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ടി.ആർ.സന്തോഷ്, വില്ലി ജിജോ, ജേക്കബ് പുലിക്കോട്ടിൽ, മേഫി ഡെൽസൺ, കരോളി ജോഷ്വാ, പൂർണിമ സുരേഷ്, വിൻഷി അരുൺകുമാർ, എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ശാസ്ത്രീയമാകണമെന്ന് വ്യാപാരികൾ
കുറുപ്പം റോഡിന്റെ ലെവലിൽ കാന പണിയുകയും സ്ലാബ് കനം മാത്രം പുറത്തേക്ക് തള്ളിനിൽക്കുകയും ചെയ്യുന്ന വിധത്തിലാകണം നിർമ്മാണമെന്നാണ് വ്യാപാരികളുടെ വാദം. വെള്ളം പോകാൻ ചാലിലേക്ക് ഇടയ്ക്കിടെ ഓവുകൾ സ്ഥാപിക്കണം. ഗ്രിൽ മാൻഹോളുകൾ ഒഴിവാക്കണം. ഇപ്പോഴത്തെ നിർമ്മാണം അശാസ്ത്രീയമാണെന്നും വ്യാപാരികൾ യോഗത്തിൽ അറിയിച്ചു.
നിറുത്തിയാൽ നിർമ്മാണം വൈകും
റോഡിൽ നിന്ന് ആറിഞ്ച് മാത്രം ഉയരത്തിൽ ചെലവ് കുറഞ്ഞ രീതിയിലാണ് നടപ്പാതയുടെ കരാർ നൽകിയിരിക്കുന്നതെന്ന് എൻജിനിയറിംഗ് വിഭാഗം വിശദീകരിച്ചു. പ്രവൃത്തി നിറുത്തിയാൽ നിർമ്മാണം മാസങ്ങളോളം വൈകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മഴവെള്ളം ഒഴുകിപ്പോകാനുള്ള ചരിവുള്ളതിനാൽ കുറുപ്പം റോഡിൽ വെള്ളക്കെട്ടുണ്ടാകില്ല. നടപ്പാതയ്ക്കിടയിൽ ഓരോ 15 മീറ്ററിലുമുള്ള ഗ്രിൽ മാൻഹോൾ വഴി വെള്ളം കാനയിലേക്ക് ഇറങ്ങും. ശനിയാഴ്ചയിലെ പെരുമഴയിൽ പോലും വെള്ളക്കെട്ടില്ല. ചെട്ടിയങ്ങാടി ഭാഗത്ത് കൂടുതൽ മാൻഹോളുകൾ വരും. കാന തടസപ്പെട്ടാൽ പവർ പമ്പ് ചെയ്യാനാകുമെന്നുമെന്നുമാണ് എൻജിനിയറിംഗ് വിഭാഗത്തിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |