
തൃശൂർ: മൺസൂൺ പകുതി പിന്നിട്ടിട്ടും ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു തന്നെ. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലാണ് അൽപമെങ്കിലും വെള്ളം ഡാമുകളിലെത്തിയത്. വേനൽക്കാലത്ത് കുടിവെള്ളത്തിനും കൃഷിക്കുമായി ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പീച്ചി, വാഴാനി ഡാമുകളിലെ ജലനിരപ്പ് ഇപ്പോഴും 50 ശതമാനത്തിൽ താഴെയാണ്. ചിമ്മിനി ഡാമിൽ മാത്രമാണ് 60 ശതമാനത്തിലേറെ ജലസംഭരണമുള്ളത്. കഴിഞ്ഞ വർഷം കാലവർഷം ദുർബലമായിരുന്നതിനാൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നിരുന്നില്ല.
കാടുപിടിച്ച് കാട്ടുചോലകൾ
വൃഷ്ടിപ്രദേശങ്ങളിൽ നിന്ന് ഡാമുകളിലേക്ക് വെള്ളമെത്തിക്കുന്ന കാട്ടുചോലകൾ കാടും പടലും മൂടിയതിനാൽ നീരൊഴുക്ക് തടസ്സപ്പെടുന്നതായി പരാതിയുണ്ട്. നിശ്ചിത ഇടവേളകളിൽ ചോലകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നതിൽ വനംവകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് മലയോരവാസികളുടെ ആക്ഷേപം. മഴക്കാലത്ത് ചോലകൾ കണ്ടെത്തി വെള്ളം ഡാമുകളിലേക്ക് തിരിച്ചുവിടുന്നതിനുപകരം, മഴയില്ലാത്ത സമയത്ത് കാട്ടിലെത്തി പ്രവർത്തനം നടത്തിയെന്ന തരത്തിൽ ഫോട്ടോ എടുത്ത് മടങ്ങുകയാണെന്നും അവർ ആരോപിക്കുന്നു.
ഗള്ളികളുടെ വീതി കൂട്ടുന്നില്ല
മഴവെള്ളം ഡാമുകളിലെത്തിക്കാൻ ഉൾക്കാടുകളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഗള്ളികളിൽ പലതും ഇന്ന് തകർന്ന നിലയിലാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഡാമുകളിൽ നിന്ന് കിലോമീറ്ററുകൾ അകലെയായി കല്ലുകൾ ഉപയോഗിച്ച് ഏകദേശം ഒരു മീറ്റർ വീതിയിലും ഒരടി ഉയരത്തിലുമാണ് ഗള്ളികൾ നിർമ്മിച്ചത്. അന്നുണ്ടാക്കിയ തോടുകൾ പലതും മണ്ണും പടലും നിറഞ്ഞ് മൂടിത്തുടങ്ങിയിട്ടുണ്ട്.
ഗള്ളികളുടെ വീതി രണ്ട് മീറ്ററാക്കി വർദ്ധിപ്പിച്ചാലാണ് മഴവെള്ളം കാര്യക്ഷമമായി ഡാമുകളിലെത്തുകയുള്ളുവെന്ന് മലയോരവാസികൾ ചൂണ്ടിക്കാട്ടുന്നു. വാഴാനി ഡാമിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ് ഗള്ളി. നിലവിൽ പീച്ചിയിലേക്ക് ഒഴുകിപ്പോകാവുന്ന മഴവെള്ളം ഗള്ളി നിർമ്മിച്ച് വാഴാനിയിലേക്ക് തിരിച്ചുവിടുകയാണ്.
ഡാമുകളുടെ നിലവിലെ ജലനിരപ്പ്
വാഴാനി 46 %
ചിമ്മിനി 65 %
പീച്ചി41 %
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |