
തൃശൂർ: ബംഗളൂരുവിനും കൊച്ചിക്കും പിന്നാലെ ഇനി തൃശൂരിലും പിങ്ക് പൊലീസ് ന്യൂമെറോസ് ഡിപ്ലോസ് ഇ - സ്കൂട്ടറിൽ കുതിക്കും. ഇതിനായി അഞ്ച് 'ന്യൂമെറോസ് ഡിപ്ലോസ് സി.യു.വി' വാഹനങ്ങളാണ് പിങ്ക് പൊലീസിന് കൈമാറിയത്. ഇന്നലെ തേക്കിൻകാട് മൈതാനത്തിൽ നടന്ന ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തശേഷം വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. മന്ത്രി ഒ.ജെ.ജനീഷ് അദ്ധ്യക്ഷനായി. തൃശൂർ നഗരത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പദ്ധതി ഉപകരിക്കുമെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി പദ്ധതി നടപ്പാക്കിയ സിറ്റി പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു. രാജൻ പല്ലൻ എം.എൽ.എ, മേയർ ഡോ.നിജി ജസ്റ്റിൻ,റേഞ്ച് ഡി.ഐ.ജി ടി.നാരായണൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധി സി.പദ്മകുമാർ, ബിജോയ് ജോർജ് എന്നിവർ സംസാരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖ് സ്വാഗതവും എ.സി.പി ടി.ആർ. രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
ന്യൂമെറോസ് ഡിപ്ലോസ് ഇ - സ്കൂട്ടർ
ഓരോ സ്കൂട്ടറിലും പബ്ലിക് അഡ്രസ് സിസ്റ്റം, സൈറൺ, ബീക്കൺ ലൈറ്റുകൾ, ഫ്രണ്ട്‌റിയർ ഫ്ലാഷർ ലൈറ്റുകൾ, യൂട്ടിലിറ്റി ബോക്‌സ്, 2ഹെൽമെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പിങ്ക് പട്രോളിംഗിനായി 5സ്കൂട്ടറുകൾ കൈമാറുന്നത്. തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് ന്യൂമെറോസ് മോട്ടോഴ്‌സ് പ്രത്യേകം രൂപകല്പന ചെയ്ത ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനങ്ങളാണിത്. തൃശൂർ നഗരത്തിൽ സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത സംവിധാനം നടപ്പിലാക്കുന്നതിന്റെ കൂടി ഭാഗമായാണ് പൊലീസിന് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |