
കൊടുങ്ങല്ലൂർ: ഓണം വിപണിയിൽ നേന്ത്രക്കായ വില കുതിച്ചുയരുന്നു. ഒരു മാസം മുമ്പ് 35 മുതൽ 40 രൂപ വരെ ഉണ്ടായിരുന്ന ഒരു കിലോ നേന്ത്രക്കായയുടെ വില 62 കടന്നു. നാടൻ നേന്ത്രക്കായയ്ക്ക് വില 64 ആയി. കഴിഞ്ഞ തിങ്കളാഴ്ച നാടൻ നേന്ത്രക്കുലക്ക് 63ഉം തമിഴ്നാട് കുലക്ക് 60ഉം രൂപയായിരുന്നു മൊത്ത കച്ചവട വില. ഇതോടെ ഉപ്പേരിക്കും ശർക്കരവരട്ടിക്കും വീണ്ടും വില ഉയർന്നു. ഗ്യാസിന് വില കൂടിയതോടെ 400 രൂപയുണ്ടായിരുന്ന ഉപ്പേരിക്ക് 440 രൂപയായി വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ നേന്ത്രക്കായ വില വർദ്ധിച്ചതോടെ 480 രൂപയിലേക്ക് ഉയർന്നു. ശർക്കരവരട്ടിക്കും 540 രൂപയായി. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്നാണ് നേന്ത്രക്കായ അധികവും എത്തുന്നത്. നേന്ത്രക്കുലകൾക്ക് ഉയർന്ന വിലകിട്ടുന്നത് കർഷകർക്ക് ആശ്വാസമാണ്. ചില്ലറ വിപണിയിലെത്തുമ്പോൾ 10 മുതൽ 12 രൂപ വരെ വില വീണ്ടും വർദ്ധിക്കും. ചെറുപഴങ്ങളുടെ സ്ഥിതിയും വിത്യസ്തമല്ല. ഞാലിപൂവന് വൻ വിലവർദ്ധനവാണ്.80-85 രൂപയുണ്ടായിരുന്നത് ഒരാഴ്ചക്കിടയിൽ നൂറ് രൂപ കടന്നിരിക്കുന്നു. പൂവൻ പഴത്തിന് 50 രൂപയായി. പാളയം കൊടൻ കായക്ക് 35 രൂപ. സാധാരണ ഓണക്കാലത്തിനു തൊട്ടു മുമ്പ് നേന്ത്രക്കുലയ്ക്ക് വില വർദ്ധിക്കാറുണ്ട് ഉപ്പേരി നിർമ്മാണത്തിന് കൂടുതൽ പച്ചക്കായ കൊണ്ടുപോകുന്നതാണ് കാരണം. പിന്നീട് ഓണമടക്കുമ്പോഴേക്ക് ഉപ്പേരി നിർമ്മാണ പൂർത്തിയായി കുല ഇറക്കുമതി കൂടും. അപ്പോൾ വില താഴേയ്ക്ക് പോകുകയാണ് പതിവ്. എന്നാൽ ഇത്തവണ മഴ തിരിച്ചടിയായി. ഓണ വിപണി പ്രതീക്ഷിച്ച് നട്ടു വളർത്തിയ വാഴ നശിച്ചിരുന്നു. നാടൻ നേന്ത്രക്കുല കിട്ടാതായാൽ ഇറക്കുമതി കായക്ക് ഇനിയും വില കൂടുമെന്ന ആശങ്കയുണ്ട്. പഴവില കൂടിയതോടെ ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
നേന്ത്രക്കായ വില
ഒരു മാസം മുമ്പ് 35 -40 രൂപ (ഒരു കിലോ)
നിലവിൽ
62 രൂപ കടന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |