
തൃശൂർ: തമിഴ്‌നാട്ടിൽ നിന്ന് കരിങ്കൽ ലോഡുകൾ വരാതായതോടെ നിലച്ച് ദേശീയപാത നിർമ്മാണം. വാളയാർ മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാതയിലെ 17 ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്തി അവിടങ്ങളിൽ സിഗ്നൽ ഒഴിവാക്കി മേൽപ്പാലം നിർമ്മാണം ആരംഭിച്ചത് 2024 മാർച്ചിലാണ്. 16 മാസത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച നിർമ്മാണം രണ്ടുവർഷം കഴിഞ്ഞും ഇഴയുകയാണ്. തമിഴ്‌നാട്ടിൽ നിന്നും കരിങ്കല്ല് ഉൾപ്പെടെയുള്ള നിർമ്മാണസാമഗ്രികൾ എത്തിക്കാനാകാത്തതാണ് പ്രതിസന്ധി. 2011ലെ ഖനനനിയമം ഭേദഗതി ചെയ്തതോടെയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള കരിങ്കല്ല് ലോഡ് വരാതായത്. ജൂലായ് അവസാനവാരം മുതൽ മൂന്ന് മാസത്തേക്ക് കേരളം, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കുള്ള കരിങ്കല്ല് കടത്തൽ നിറുത്തിയത് ദേശീയപാതാ നിർമ്മാണത്തിനും തിരിച്ചടിയാകുന്നുണ്ട്. കന്യാകുമാരി, തെങ്കാശി, കോയമ്പത്തൂർ കളക്ടർമാർക്കും പൊലീസിനും കരിങ്കല്ല് ലോറികൾ അതിർത്തി കടക്കുന്നത് കർശനമായി തടയാൻ നിർദ്ദേശമുണ്ട്. സർക്കാർതലത്തിൽ ഇടപെടൽ ആരംഭിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ദേശീയപാത അതോറിട്ടിയുടെ വിശദീകരണം.
യുദ്ധവും തടസം
ഇറാൻ - അമേരിക്ക യുദ്ധം കാരണം പെട്രോളിയം ഉത്പന്നമായ ടാർ അഥവാ ബിറ്റുമെൻ കിട്ടാക്കനിയായതും ദേശീയപാത നിർമ്മാണത്തിന് തിരിച്ചടിയായി. പുതുക്കാട്, കൊടകര, കൊരട്ടി, വാണിയമ്പാറ, ആലത്തൂർ, കുഴൽമന്ദം ഉൾപ്പെടെയുള്ള മേൽപ്പാലങ്ങളുടെ നിർമ്മാണം ഇപ്പോഴും ഇഴയുകയാണ്. പാലക്കാട്ടെ കാഴ്ചപ്പറമ്പ്, തൃശൂരിലെ മുടിക്കോട്, കല്ലിടുക്ക്, ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ തുടങ്ങിയ മേൽപ്പാലം നിർമ്മാണം പൂർത്തിയായെങ്കിലും സർവീസ് റോഡുകളുടെ ആവശ്യത്തിനുള്ള മെറ്റലും ടാറും ഉൾപ്പെടെ ലഭിക്കാതായതോടെ നിർമ്മാണം പ്രതിസന്ധിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |