
തൃശൂർ: തൃശൂർ ജില്ലയിലെ പടക്കകടകളിലും പടക്ക നിർമ്മാണകേന്ദ്രങ്ങളിലും അഗ്നി സുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസ് വ്യവസ്ഥകളും പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന വരും. ഹൈക്കോടതി നിർദ്ദേശമാണിത്. ഒന്നൊഴിയാതെ എല്ലാ പടക്ക കടകളിലും പരിശോധന ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.
അപകടവുമായി ബന്ധപ്പെട്ട് നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഏകാംഗ കമ്മിഷൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ഏപ്രിൽ 29ന് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. സ്ഫോടകവസ്തു നിയമങ്ങളുടെ ലംഘനമാണ് അപകടത്തിന് കാരണമായതെന്ന് സർക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്.
അനുവദനീയമായതിലും കൂടുതൽ തൊഴിലാളികൾ പടക്ക നിർമ്മാണ മേഖലയിൽ ഉണ്ടായിരുന്നു. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന ഷെഡിൽ വെടിക്കെട്ട് സാധനങ്ങൾ സംഭരിച്ചതായും കണ്ടെത്തിയിരുന്നു. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും നടക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു അറിയിച്ചു.
അപകടത്തിൽ മരിച്ച 16 പേരുടെയും ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയെന്നും സർക്കാർ അറിയിച്ചു. പ്രത്യേക കൗൺസലിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ദുരന്തനിവാരണ നിയമപ്രകാരമുള്ള എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കിയെന്നും അറിയിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻസെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിഷയം സെപ്തംബർ 16ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |