SignIn
Kerala Kaumudi Online
Friday, 21 August 2026 2.34 AM IST

'ഓക്കാനമല്ല, പ്രതിരോധം' ഫേസ്ബുക്ക് കുറിപ്പിൽ വാക്പോര്

f

തൃശൂർ: നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്റെ പുലികളി വിമർശനത്തിനെതിരെ ഫേസ്ബുക്കിലും തൃശൂരിലെ സാംസ്കാരിക ഇടങ്ങളിലും വാക്പോര്. അദ്ദേഹം പങ്കുവച്ച കുറിപ്പിന് താഴെയും പലരും അനുകൂലിച്ചും എതിർത്തും രംഗത്ത് വരുന്നുണ്ട്. ഇതോടൊപ്പം പുലികളിയെ കുറിച്ച് താനെഴുതിയ പഴയ കുറിപ്പ് സംവിധായകൻ പ്രിയനന്ദനൻ ഒന്നുകൂടി പങ്കുവച്ചതോടെ ശ്രീരാമനുള്ള മറുപടിയായും വ്യാഖ്യാനിക്കപ്പെടുകയാണ്.

'പുലികളിക്കായി സ്വരാജ് റൗണ്ടിലെ ടാറിട്ട പാതകൾ വിറയലോടെ കാത്തിരിക്കുന്നുവെന്നും ആഘോഷത്തിന്റെയും വർണപ്പകിട്ടിന്റെയും മാത്രം പ്രതീകമല്ലെന്നും അരികുവത്കരിക്കപ്പെട്ടവരുടെ പ്രതിരോധമാണ് പുലികളി'യെന്നുമാണ് പ്രിയനന്ദനന്റെ കുറിപ്പിലുള്ളത്. പുരുഷൻമാർക്ക് മാറും വയറും വൈകൃതമാണെന്നും കലയ്ക്ക് വേണ്ടി അത് ഉപയോഗിക്കുമ്പോൾ ഓക്കാനം വരുന്നുവെന്നുമായിരുന്നു ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 വാദം, മറുവാദം

തടിയും കുടവയറുമുള്ള സാധാരണക്കാരായ മനുഷ്യരുടെ സന്തോഷത്തെയും ഒരു നാടൻകലയെയും ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് നിരവധി പേരുടെ വാദം. ബോഡി ഷെയ്മിംഗാണെന്ന വാദവും ഇവർ നിരത്തുന്നു. സിനിമയിലും നാടകങ്ങളിലും തടിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രമുഖ നടന്മാരുടെ ചിത്രങ്ങളും ഉദാഹരണങ്ങളും നിരത്തി ചിലർ പോസ്റ്റിന് മറുപടി നൽകുന്നുണ്ട്.

അരവിന്ദനും അടൂർ ഭാസിയും മുതൽ മോഹൻലാലും മമ്മൂട്ടിയും വരെ ചെയ്ത കഥാപാത്രങ്ങളെ ശ്രീരാമൻ ഓർക്കണമെന്നും കമന്റുകളിലുണ്ട്. അതേസമയം, അനാരോഗ്യകരമായ കുടവയറിനെ ആഘോഷമാക്കുന്നതിനോട് യോജിക്കുന്നവരും ശ്രീരാമനെ പിന്തുണച്ച് രംഗത്തുണ്ട്. ചില വേഷവിധാനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരും ഇതിലുണ്ട്.

 സർക്കാർ ധനസഹായം വർദ്ധിപ്പിക്കാൻ ഇടപെടൽ

പുലികളി സംഘങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായം വർദ്ധിപ്പിക്കാൻ മന്ത്രി ഒ.ജെ ജനീഷിന്റെ ഇടപെടൽ. 50000രൂപയിൽ നിന്നും മതിയായ വർദ്ധനവ് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥിന് കത്ത് നൽകി. ഇപ്പോഴുള്ള സർക്കാർ സഹായം അപര്യാപ്തമാണെന്ന് പുലിക്കളി സംഘങ്ങൾ മന്ത്രി ഒ.ജെ.ജനീഷിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഇടപെടൽ. 9 സംഘങ്ങളാണ് ഇത്തവണ പുലികളിക്കുള്ളത്. തുക വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി ജനീഷ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL