SignIn
Kerala Kaumudi Online
Monday, 25 May 2026 10.16 PM IST

വിസ്മയം തീർത്ത് പൂരം പൂത്തിറങ്ങി

a

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലാ ദുരന്തത്തിന്റെ ഓർമ്മകൾ കത്തിയെരിയുന്നുണ്ടെങ്കിലും സങ്കടം ഉള്ളിലൊതുക്കി ജനലക്ഷങ്ങൾ പൂരം പൂർണമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുടമാറ്റത്തിന്റെ സമയം കുറച്ചും വെടിക്കെട്ട് ഒഴിവാക്കിയും ആചാരപൂർവം തൃശൂർ പൂരം കൊണ്ടാടിയെങ്കിലും ആൾത്തിരക്ക് ഒട്ടും കുറഞ്ഞില്ല. മഠത്തിൽ വരവിന്റേയും ഇലഞ്ഞിത്തറയുടേയും ഹൃദയതാളം പതിനായിരങ്ങൾ ഏറ്റുവാങ്ങി.


രാവിലെ ചെറുപൂരങ്ങളുടെ വരവോടെ പൂരം പുലർന്നു. കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ക്രമത്തിൽ പൂരങ്ങൾ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി മടങ്ങി. തിരുവമ്പാടിയുടെ പുറത്തേക്കെഴുന്നള്ളിപ്പ് രാവിലെ ഏഴരയ്ക്ക് തുടങ്ങി.

മൂന്നാന അകമ്പടിയായി നടപ്പാണ്ടിയായി മഠത്തിൽ ഇറക്കിപ്പൂജ കഴിഞ്ഞ് പതിനൊന്നരയ്ക്കായിരുന്നു പ്രസിദ്ധമായ മഠത്തിൽ വരവ്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് തിമിലയിൽ കോങ്ങാട് മധു പ്രമാണിയായി. നായ്ക്കനാൽ വഴി 15 ആനകളുടെ അകമ്പടിയോടെ ചെറുശേരി കുട്ടൻ മാരാരുടെ പാണ്ടിമേളവുമായി മഠത്തിൽ വരവ് ശ്രീമൂലസ്ഥാനത്തെി. ചെമ്പടമേളത്തോടെ പാറമേക്കാവ് പുറത്തേക്കെഴുന്നള്ളിപ്പ് 15 ആനകളോടെ 12.30ന് തുടങ്ങി. തൃക്കടവൂർ ശിവരാജു തിടമ്പേറ്റി.

വടക്കുന്നാഥനിലെത്തി ഇലഞ്ഞിത്തറ മേളത്തിന് തുടക്കമിട്ടപ്പോൾ വാദ്യപ്രേമികൾ നിർവൃതിയിലാണ്ടു. കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയായി. വൈകിട്ട് അഞ്ചരയ്ക്ക് പ്രസിദ്ധമായ തെക്കോട്ടിറക്കത്തിന് പിന്നാലെയായിരുന്നു കുടമാറ്റം. 17 മിനിറ്റിൽ ഒറ്റനിലയിലുള്ള വർണ്ണക്കുടകൾ മാറി. 17 ലേറെ കുടകൾ മാറ്റി ഭഗവതിമാർ പിരിഞ്ഞു. ഇന്ന് പകൽപ്പൂരം കഴിഞ്ഞാൽ ഉപചാരം ചൊല്ലും. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ആ സമയത്ത് ഇരുവിഭാഗവും കതിന പൊട്ടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA