SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

ഡിമാൻഡ് കൂടിയപ്പോൾ വില്ലനായി ചൂട് പ്രതികൂല കാലാവസ്ഥയിൽ ഏലം ഉത്പാദനം കുറയുന്നു

cardomom

ഇടുക്കി: വില ഒന്നു മെച്ചപ്പെട്ട് വന്നപ്പോൾ ഏലത്തിന് വീണ്ടും വില്ലനായി കടുത്ത ചൂട്. മികച്ച വിലയും ഡിമാൻഡുമുള്ള സമയത്തെ പ്രതികൂല കാലാവസ്ഥ ഏലം കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹൈറേഞ്ചിൽ കത്തുന്ന വെയിൽ നേരിട്ട് പതിക്കുന്നിടത്തെ ഏലച്ചെടികൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. ഏലക്കൃഷി ഏറെയുള്ള ഉടുമ്പൻചോല, തോപ്രാംകുടി എന്നിവിടങ്ങളിലും തോട്ടങ്ങളിൽ ഉണക്ക് ബാധിച്ചു തുടങ്ങി. നനച്ചും പച്ച നെറ്റുകൾ വലിച്ചു കെട്ടി തണലുണ്ടാക്കിയും ഏലച്ചെടികൾ സംരക്ഷിക്കാൻ പാടുപെടുകയാണ് കർഷകർ. കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി തളിക്കലും നടത്താനും കഴിയുന്നില്ല. ഇതോടെ ഏല ചെടികൾക്ക് വിവിധ തരത്തിലുള്ള രോഗ കീടബാധയും രൂക്ഷമായിട്ടുണ്ട്.

നിലവിൽ മികച്ചയിനം ഏലക്കയ്ക്ക് 2900- 3200 രൂപയും അല്ലാത്തവയ്ക്ക് 2700- 2900 രൂപയും ശരാശരി ലഭിക്കുന്നുണ്ട്. റംസാൻ വിപണി ലക്ഷ്യമിട്ട് അറബ് രാജ്യങ്ങൾ പരമാവധി ചരക്ക് സംഭരിക്കുന്നതാണ് മികച്ച വില ലഭിക്കാൻ കാരണം. ഉത്പാദനം കുറവായതിനാൽ ആഭ്യന്തര വിപണിയിലും നിലവിൽ ആവശ്യക്കാരേറെയുണ്ട്. കട്ടപ്പനയുൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലയിൽ രണ്ട് ദിവസമായി ചെറിയ തോതിൽ ചാറ്റൽ മഴ ലഭിക്കുന്നത് താത്കാലിക ആശ്വാസമേകുന്നുണ്ട്.

ദുരിതത്തിലാക്കി ജലദൗർലഭ്യം

തിരിച്ചടിയായി വിലക്കയറ്റം

ഒരു ഏല ചെടിയ്ക്ക് 40 ലിറ്റർ വരെ വെള്ളം ഒരാഴ്ച വേണം. വൻകിട തോട്ടങ്ങളിൽ സ്പ്രിംഗ്ലർ സ്ഥാപിച്ചാണ് നനയ്ക്കുന്നത്. ഭൂരിഭാഗം ചെറുകിട കർഷകരും പടുതാ കുളങ്ങളിൽ സംഭരിച്ച വെള്ളം ദിവസേന നനച്ചാണ് ഏലച്ചെടികൾ ഉണങ്ങാതെ കാക്കുന്നത്. എന്നാൽ മിക്ക ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യേണ്ടി വരുന്നതിനാലും കടുത്ത വേനലും കാരണം തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റാൻ തുടങ്ങി. ഇതിനോടൊപ്പം തോട്ടവുമായി ബന്ധപ്പെട്ട പലതിനും വില കൂടിയതും ചെറുകിട ഏലം കർഷകർക്ക് തിരിച്ചടിയായി.

1. മുൻവർഷം ഉഷ്ണ തരംഗം മൂലം ഹെക്ടർ കണക്കിന് ഏലത്തോട്ടങ്ങൾ ഉണങ്ങി നശിച്ചതിനാൽ ഇത്തവണത്തെ വേനലിനെ തടുക്കാൻ കർഷകർ ഗ്രീൻ നെറ്റുകൾ ഉപയോഗിക്കുമെന്ന് കമ്പനികൾക്ക് ഉറപ്പായിരുന്നു. ഇതോടെ ഗ്രീൻ നെറ്റിന്റെ വില കുതിച്ചുയർന്നു.

2. ജലസേചനത്തിന് ഉപയോഗിക്കുന്ന ഹോസിന്റെ വില ഉയർന്നു.

3. കീടനാശിനി വില മൂന്നിരട്ടിയായി ഉയർന്നു.

4. തൊഴിലാളികളുടെ കൂലി വർദ്ധിച്ചു.

കൊടുംവെയിലിൽ ഏലച്ചെടികൾ കരിഞ്ഞുണങ്ങുകയാണ്. കിണറിലും കുളത്തിലുമൊന്നും ആവശ്യത്തിന് വെള്ളമില്ല. വിളവെടുപ്പ് തീരുംമുമ്പ് വേനൽ മഴ പെയ്തില്ലെങ്കിൽ ഉത്പാദനം കുത്തനെ ഇടിയും. മുൻ വർഷത്തെ പോലെ തന്നെ വരാനിരിക്കുന്ന കടുത്ത വരൾച്ചയുടെ ലക്ഷണമാണിത്.

സോജൻ തോമസ് (ഏലം കർഷകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360