
ന്യൂഡൽഹി: ഇന്ത്യയിലെ മാലിന്യക്കൂമ്പാരങ്ങൾ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക അവസരങ്ങളിലൊന്നായി മാറിയേക്കാമെന്ന് റിപ്പോർട്ട്. അടുത്തിടെ സിഇഇഡബ്ല്യു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ജെെവമാലിന്യങ്ങൾ, പച്ചക്കറി, മാംസാവശിഷ്ടങ്ങൾ, പൂക്കൾ എന്നീ മാലിന്യങ്ങൾ 2047 ആകുമ്പോഴേക്കും ഏകദേശം 51 ബില്യൺ ഡോളറിന്റെ വിപണി അവസരം തുറക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. തൊഴിൽ രംഗത്തും ഇത് വലിയ മാറ്റം കൊണ്ടുവരും.
ജെെവ മാലിന്യങ്ങൾ മികച്ച രീതിയിൽ കെെകാര്യം ചെയ്യുന്നതിൽ ഏകദേശം 26 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഏകദേശം 24 ബില്യൺ ഡോളർ നിക്ഷേപം നടക്കുകയും ചെയ്യും. ഇന്ത്യയിലെ മുൻസിപ്പാലിറ്റികൾക്ക് കെെകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ മാലിന്യമാണ് ദിവസവും എത്തുന്നതെന്ന വാർത്തകൾ പുറത്തുവരുമ്പോഴാണ് ഇത്തരം ഒരു റിപ്പോർട്ട്.
നിലവിൽ ഇന്ത്യയിൽ പ്രതിദിനം ഏകദേശം 1.71 ലക്ഷം ടൺ ഖരമാലിന്യം ഉൽപാദിക്കുന്നു. ഇതിൽ പകുതിയോളവും ജെെവമാലിന്യമാണ്. എന്നാൽ മൊത്തം മാലിന്യത്തിന്റെ ഏകദേശം 61 ശതമാനം മാത്രമേ സംസ്കരിക്കപ്പെടുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ളവ മാലിന്യക്കൂമ്പാരങ്ങൾ, അഴുക്കുചാലുകൾ എന്നിവയാകുന്നു. ഇത് വരുംകാലങ്ങളിൽ വലിയ പ്രശ്നമായി മാറും. നിയന്ത്രിക്കാത്ത ജെെവമാലിന്യങ്ങൾ മീഥേൻ പുറത്തുവിടുന്നു.
2047 ആകുമ്പോഴേയ്ക്കും ഇന്ത്യയിലെ നഗരങ്ങളിലെ ജെെവമാലിന്യങ്ങൾ മാത്രം പ്രതിവർഷം 208 ദശലക്ഷം ടണ്ണിലെത്തും. എന്നാൽ ഭാവിയിൽ ഇവ ഒരു ഭാരമായി മാറില്ലെന്നും ജെെവമാലിന്യങ്ങളെ ശേഖരിച്ച് സംസ്കരിച്ച് ബയോഗ്യാസ്, ബയോമീഥെയ്ൻ എന്നിവയാക്കി മാറ്റാമെന്നും പഠനങ്ങൾ പറയുന്നു. ഒരിക്കൽ ശുദ്ധീകരിച്ച് കംപ്രസ് ചെയ്താൽ ബയോ - മീഥെയ്ൻ, ബയോ - സിഎൻജിയായി മാറുന്നു. ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഇന്ധനമാണ് ഇവ. ശേഖരണം, സംസ്കരണം, ലോജിസ്റ്റിക്, പരിപാലനം, ഊർജ്ജ ഉൽപാദനം, വളം വിപണികൾ എന്നിവയിലായി നിരവധി തൊഴിലാളികളെ ആവശ്യമായി വരുന്നു. 2047 ആകുമ്പോഴേക്കും ഇത് വിപണി അവസരം ഏകദേശം 62 ബില്യൺ ഡോളാറായി ഉയർത്തിയേക്കാമെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |