
ജി.എസ്.ടി വരുമാനവും യു.പി.ഐ ഇടപാടുകളും കുതിച്ചു
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങൾ മറികടന്നും ഇന്ത്യൻ സാമ്പത്തിക മേഖല മികച്ച പ്രകടനം തുടർന്നതോടെ ജൂണിൽ ചരക്കു സേവന നികുതിയിലും (ജി.എസ്.ടി) യു.പി.ഐ ഇടപാടുകളിലും വൻകുതിപ്പുണ്ടായി. പതിമൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വർദ്ധനയാണ് ജൂണിൽ ജി.എസ്.ടി വരുമാനത്തിലുണ്ടായത്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം മൊത്തം ജി.എസ്.ടി വരുമാനം മുൻവർഷം ഇതേ കാലയളവിനേക്കാൾ 13.9 ശതമാനം വർദ്ധനയോടെ 1.95 ലക്ഷം കോടി രൂപയിലെത്തി. ഇറക്കുമതിയിലെ വരുമാന വർദ്ധനയാണ് പ്രധാനമായും നേട്ടമായത്. കഴിഞ്ഞ വർഷം ജൂണിൽ ജി.എസ്.ടി വരുമാനം 1.71 ലക്ഷം കോടി രൂപയായിരുന്നു.
റീഫണ്ടിന് ശേഷമുള്ള അറ്റ ജി.എസ്.ടി വരുമാനം 11.2 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. ആഭ്യന്തര വിപണിയിൽ നിന്നുള്ള നികുതി വരുമാനം 6.5 ശതമാനം വളർച്ചയോടെ 1.35 ലക്ഷം കോടി രൂപയിലെത്തി. അതേസമയം, ഇറക്കുമതിയിൽ നിന്നുള്ള ജി.എസ്.ടി വരുമാനം 34.6 ശതമാനം കൂടി 60,038 കോടി രൂപയായി. ജി.എസ്.ടി റീഫണ്ടുകൾ 29.1 ശതമാനം ഉയർന്ന് 32,436 കോടി രൂപയിലെത്തി. നടപ്പുവർഷം ആദ്യ ത്രൈമാസക്കാലയളവിൽ ജി.എസ്.ടി വരുമാനം 8.4 ശതമാനം ഉയർന്ന് 6.32 ലക്ഷം കോടി രൂപയിലെത്തി.
ഉത്തർപ്രദേശ് ഒന്നാമത്
ജി.എസ്.ടി വരുമാനത്തിൽ ഏറ്റവും ഉയർന്ന വളർച്ച കഴിഞ്ഞ മാസം കൈവരിച്ചത് ഉത്തർപ്രദേശാണ്. അവരുടെ ജി.എസ്.ടി വരുമാനം 19 ശതമാനം ഉയർന്ന് 9,165 കോടി രൂപയിലെത്തി. അസാം 17 ശതമാനവും പഞ്ചാബ് 14 ശതമാനവും ഗുജറാത്ത് 12 ശതമാനവും വരുമാന വളർച്ച നേടി. മഹാരാഷ്ട്രയിലെ ജി.എസ്.ടി വരുമാനം ഒൻപത് ശതമാനം ഉയർന്ന് 30,714 കോടി രൂപയിലെത്തി. കേരളത്തിന്റെ ജി.എസ്.ടി വരുമാനം കഴിഞ്ഞ മാസം 11 ശതമാനം വളർച്ചയോടെ 2,894 കോടി രൂപയായി. ജാർഖണ്ഡിന്റെ വരുമാനം 16 ശതമാനം ഇടിഞ്ഞു.
യു.പി.ഐ ഇടപാടുകളിൽ 23 ശതമാനം വർദ്ധന
ജൂണിൽ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്(യു.പിഐ) ഇടപാടുകൾ 23 ശതമാനം വർദ്ധനയോടെ 2272 കോടിയിലെത്തി. യു.പി.ഐ ഇടപാടുകളുടെ മൂല്യം ഇക്കാലയളവിൽ 20 ശതമാനം ഉയർന്ന് 28.92 ലക്ഷം കോടി രൂപയായി. കഴിഞ്ഞ ദിവസം ശരാശരി 75.7 കോടി ഇടപാടുകളാണ് ഓരോ ദിവസവും ഇന്ത്യയിൽ നടക്കുന്നത്. പത്ത് വർഷത്തിനിടെ അസാധാരണ വളർച്ചയാണ് യു.പി.ഐ ഇടപാടുകളിലും മൂല്യത്തിലുമുണ്ടായത്.
ക്രൂഡ് ഇറക്കുമതി റെക്കാഡ് ഉയരത്തിൽ
കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി റെക്കാഡ് ഉയരത്തിലെത്തി. ജൂണിൽ 49.3 ലക്ഷം ബാരൽ ക്രൂഡോയിലാണ് പ്രതിദിനം ഇറക്കുമതി നടത്തിയത്. റഷ്യയിൽ നിന്നും 260 ലക്ഷം ബാരൽ ക്രൂഡാണ് പ്രതിദിനം വാങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |