
ന്യൂഡൽഹി: വ്യോമസേനയുടെ ഉപമേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. ജൂൺ 30ന് വിരമിച്ച എയർ മാർഷൽ നാഗേഷ് കപൂറിന്റെ പിൻഗാമിയായ ഇദ്ദേഹം സേനയുടെ 51-ാം ഉപമേധാവിയാണ്. ദേശീയ യുദ്ധ സ്മാരകത്തിൽ രാജ്യത്തിന്റെ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ചുമതലയേറ്റത്. ന്യൂഡൽഹി വ്യോമസേനാ ആസ്ഥാനത്ത് ആചാരപരമായ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
1986 ഡിസംബറിൽ യുദ്ധവിമാന പൈലറ്റായാണ് സേനയുടെ ഭാഗമായത്. 3,300 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള യുദ്ധവിമാന പൈലറ്റായി പേരെടുത്ത ഇദ്ദേഹം മിറാഷ്-2000, ജാഗ്വാർ, ഹോക്ക്, കിരൺ, എഎൻ-32, ഐഎൽ-78, എച്ച്പിടി-32 എന്നിവയുൾപ്പെടെ നിരവധി വിമാനങ്ങൾ പറത്തിയിട്ടുണ്ട്. കാർഗിൽ യുദ്ധസമയത്ത് ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സഫേദ് സാഗർ എന്നിവയുടെ ഭാഗവുമായി.
ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (സി.ഐ.എസ്.സി) മേധാവിയായി പ്രവർത്തിക്കവെയാണ് ഉപമേധാവിയായി നിയമനം ലഭിക്കുന്നത്. സെൻട്രൽ എയർ കമാൻഡ്, സൗത്ത് വെസ്റ്റേൺ എയർ കമാൻഡിലെ സീനിയർ എയർ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. ബിദാർ എയർഫോഴ്സ് സ്റ്റേഷൻ, നമ്പർ 9 സ്ക്വാഡ്രൺ എന്നിവയിലും മുൻനിര ഫോർമേഷനുകളിലും കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |