
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികാസവും ഇന്ത്യൻ ഐ.ടി കമ്പനികളുടെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടാക്കുന്നു. നിഫ്റ്റി ഐ.ടി സൂചിക കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ശതമാനം ഇടിഞ്ഞ് മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി സേവന കമ്പനിയായ ഇൻഫോസിസിന്റെ ഓഹരി വില 1.1 ശതമാനം കൂടി ഇടിഞ്ഞ് 986.90 രൂപയിലെത്തി. 2020 സെപ്തംബറിന് ശേഷം ആദ്യമായാണ് ഓഹരി ആയിരം രൂപയ്ക്കു താഴേക്കു വീഴുന്നത്. ഫെബ്രുവരി മുതൽ തുടർച്ചയായ ഇടിവിൽ ഇൻഫോസിസ് ഓഹരിയിൽ ഏകദേശം 40 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വിപണി മൂല്യം ഏകദേശം നാലു ലക്ഷം കോടി രൂപയായി കുറഞ്ഞു.
രാജ്യത്തെ മുൻനിര ഐടി കമ്പനികളായ ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, പെർസിസ്റ്റന്റ് സിസ്റ്റംസ് തുടങ്ങിയവയുടെ ഓഹരികളെല്ലാം കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. മിഡ് ക്യാപ് ഐടി കമ്പനികളായ കോഫോർജ്, എംഫസിസ്, പെർസിസ്റ്റന്റ് സിസ്റ്റംസ്, തുടങ്ങിയവയും വിൽപ്പന സമ്മർദം നേരിട്ടു.
വില്ലനായി എ.ഐ
അമേരിക്കയിലെ സാമ്പത്തിക വളർച്ച സംബന്ധിച്ച ആശങ്കകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും രൂപയുടെ മൂല്യത്തകർച്ചയും കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഡോളർ പ്രതീക്ഷിച്ചതിലും ഏറെ കരുത്താർജിച്ചതോടെ വിദേശ നാണയ വിനിമയ രംഗത്ത് കനത്ത നഷ്ടമാണ് പല കമ്പനികളും നേരിട്ടത്. ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിൽ 50 മുതൽ 70 ശതമാനം വരെ അമേരിക്കൻ വിപണിയിൽ നിന്നാണ് ലഭിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമായി ക്രൂഡോയിൽ വില കുത്തനെ ഉയർന്നതിനാൽ അമേരിക്കയിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്ക ശക്തമാണ്. ഇതോടെ ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവ ഐ.ടി ചെലവുകൾ ചുരുക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |