
തിരുവനന്തപുരം: തലച്ചുമടായി കിലോമീറ്ററുകൾ നടന്നും വഴിയോരത്തിരുന്നും മീൻ വില്പന നടത്തിയിരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കഷ്ടപ്പാടുകൾ മാറുകയാണ്. മത്സ്യത്തൊഴിലാളി വനിതകൾക്ക് ഇ-സ്‌കൂട്ടറുകൾ ലഭ്യമാക്കുന്ന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഫിഷറീസ് വകുപ്പ് ഉടൻ നടപ്പാക്കും. ഫിഷറീസ് വകുപ്പിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
100 വനിതകൾക്ക് പൈലറ്റ് പദ്ധതിയായി സബ്‌സിഡിയോടെ ആദ്യം ഇ-സ്‌കൂട്ടർ ലഭ്യമാക്കും. പൈലറ്റ് പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വിപുലീകരിക്കുക. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുൾപ്പെടെ വരുംദിവസങ്ങളിൽ അന്തിമരൂപമാകും. ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്) വഴിയാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ബദൽ ജീവനോപാധി പദ്ധതികൾ 2005 മുതൽ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സ്ഥാപനമാണിത്.
ഇ-സ്‌കൂട്ടർ: നേട്ടങ്ങൾ
മത്സ്യം കേടുകൂടാതെ വേഗത്തിൽ വിൽപനക്കെത്തിക്കാം
ഓട്ടോയിലും മറ്റു വാഹനങ്ങൾക്കും നൽകേണ്ട പണം ലാഭിക്കാം
ഇടറോഡുകളിലും ചെറിയവഴികളിലും വിൽപനയ്ക്ക് സൗകര്യപ്രദം
പെട്രോൾ സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഏറെ ലാഭകരം
വീടുകളിൽ ചാർജ് ചെയ്യാം
രാത്രി ചാർജ്‌ചെയ്യാനിട്ടാൽ പുലർച്ചെ ഫുൾ ചാർജോടെ മത്സ്യമെടുക്കാൻ പുറപ്പെടാം
സ്‌കൂട്ടർ വില- ഒന്നര ലക്ഷത്തോളം
പരമാവധി സർക്കാർ സബ്‌സിഡി- 1 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |