
തൃശൂർ: അതിരപ്പിള്ളി സിൽവർ സ്റ്റോമിൽ അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാക്കിയ സ്‌കൈ സ്റ്റോം കേബിൾ കാറുകളുടെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പശ്ചിമഘട്ട വനമേഖലയുടെയും ചാലക്കുടി പുഴയുടെയും ആകാശക്കാഴ്ചകൾ സന്ദർശകർക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ ജംഗിൾ സ്റ്റോമിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, റോജി എം ജോൺ, ഒ.ജെ.ജനീഷ്, ബെന്നി ബഹനാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. സ്വിറ്റ്‌സർലൻഡ്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ സാങ്കേതികവിദ്യയെക്കാൾ മികച്ച രീതിയിലാണ് സ്‌കൈ സ്റ്റോം ഒരുക്കിയിരിക്കുന്നത്.
പ്രതിദിനം 5,000-ത്തിലധികം സന്ദർശകർക്ക് ആകാശയാത്ര നടത്താൻ കഴിയുന്ന രീതിയിലാണ് സഞ്ചാരപാത ക്രമീകരിച്ചിട്ടുള്ളത്. പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗിയും സിൽവർ സ്റ്റോം പാർക്കിന്റെ ദൃശ്യങ്ങളും പൂർണ്ണം ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. അതിരപ്പിള്ളിയുടെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
ജംഗിൾ സ്റ്റോം - ഫോറസ്റ്റ് വില്ലേജ്
സിൽവർ സ്റ്റോമിൽ ജംഗിൾ സ്റ്റോം - ഫോറസ്റ്റ് വില്ലേജും ഒരുങ്ങി. അപൂർവ്വ പക്ഷികളും മൃഗങ്ങളും, അക്വേറിയം, കേബിൾ കാർ, ട്രൈബൽ ഹട്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പുതിയ അനുഭവം. 150 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്.
25 പുതിയ റൈഡുകളും, 8 ഹൈ ത്രില്ലിംഗ് വാട്ടർ റൈഡുകളും, 7 അഡ്വഞ്ചർ റൈഡുകളും പുതുതായി അവതരിപ്പിക്കുന്നു. വാട്ടർ തീം പാർക്ക്, സ്‌നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്ട് എന്നിവയൊന്നിച്ച് ഒരുക്കുന്ന ഇന്ത്യയിലെ ഏക കേന്ദ്രമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |