SignIn
Kerala Kaumudi Online
Monday, 25 May 2026 6.49 PM IST

63,000 കോടി രൂപയ്ക്ക് ലോകത്തെ ഏറ്റവും ആധുനിക ഫൈറ്റർ ജെറ്റുകൾക്കായി കരാറൊപ്പിട്ട് ഇന്ത്യ

rafale-m-jet

ന്യൂഡൽഹി: ഫ്രാൻസുമായി 26 റാഫേൽ-എം ഫൈറ്റർ ജെറ്റുകൾക്കായുള്ള 63,​000 കോടി രൂപയുടെ കരാറിൽ ഒപ്പിട്ട് ഇന്ത്യ. 22 ഒറ്റ സീറ്റുള്ള ജെറ്റുകളും നാല് ഇരട്ട സീറ്റുള്ള ജെറ്റുകളുമാണ് വാങ്ങുന്നത്. 2031ഓടെ ഡെലിവറി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റകുറ്റപ്പണികൾ,​ ലോജിസ്റ്റിക് പിന്തുണ,​ പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുന്നു. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമാണ് കരാർ. റാഫേൽ എം ജെറ്റുകൾ കാലപ്പഴക്കം നേരിടുന്ന മിഗ്-29ന് പകരമായാണ് എത്തുന്നത്.

ലോകത്തിലെ ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളിൽ ഒന്നായാണ് റാഫേൽ എമ്മിനെ കണക്കാക്കപ്പെടുന്നത്. നിലവിൽ ഫ്രഞ്ച് നാവികസേനയുടെ പക്കൽ മാത്രമാണ് ഇതുള്ളത്. കാരിയർ വിമാനങ്ങളുടെ ഏറ്റവും മികച്ച സവിശേഷതയായി കണക്കാക്കപ്പെടുന്ന സഫ്രാൻ ഗ്രൂപ്പുകളുടെ ലാൻഡിംഗ് ഗിയറുകൾ ഇതിലുണ്ട്. മടക്കാൻ കഴിയുന്ന ചിറകുകൾ, കഠിനമായ സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ള അണ്ടർകാര്യേജ്,​ ഡെക്ക് ലാൻഡിംഗ്, ടെയിൽഹുക്കുകൾ എന്നിവയും റാഫേൽ എമ്മിലുണ്ട്. ഐഎൻഎസ് വിക്രാന്തിലും ഐഎൻഎസ് വിക്രമാദിത്യയിലുമാണ് പുതിയ ആയുധങ്ങൾ വിന്യസിക്കുക. ഇത് ഇന്ത്യയുടെ നാവികശക്തി വർദ്ധിപ്പിക്കുകയും ഇന്ത്യൻ സമുദ്രത്തിലെ ഭീഷണികൾ നേരിടാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. നാവിക സേന പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുകയാണെന്നും എല്ലാ അയൽക്കാരിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ തയ്യാറാണെന്നും നാവിക മേധാവി അഡ്‌മിറൽ ദിനേഷ് ത്രിപതി കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു.

ഇന്ത്യയുടെ പക്കൽ നിലവിൽ 36 റാഫേൽ ജെറ്റുകളാണുള്ളത്. പുതിയ റാഫേൽ ജെറ്റുകൾ 'ബഡി-ബഡി' ആകാശ ഇന്ധനം നിറയ്ക്കൽ സംവിധാനം മെച്ചപ്പടുത്താനും സഹായിക്കും. ഇന്ധനം നിറയ്ക്കാനുള്ള പോഡ് ഘടിപ്പിച്ച ഒരു ജെറ്റ് മറ്റൊന്നിന് ഇന്ധന ടാങ്കറായി പ്രവർത്തിക്കുന്ന സംവിധാനമാണിത്. ഇത് ജെറ്റുകൾക്ക് കൂടുതൽ നേരം ആകാശത്ത് തങ്ങാൻ സഹായിക്കുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഡിആർഡിഒ) വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയമായി നിർമ്മിച്ച അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും നാവികസേനയിൽ വൈകാതെ ഉൾപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAFALE M FIGHTER JETS, INDIA FRANCE, DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360