SignIn
Kerala Kaumudi Online
Friday, 15 May 2026 10.52 PM IST

ടാറ്റയ്‌ക്കും സൈന്യത്തിനും ഇത് അഭിമാന നിമിഷം, ഏത് കഠിനമായ ദൗത്യവും ഇന്ത്യയ്‌ക്കിനി സുഗമം

indian-defence

വഡോദര:പ്രതിരോധ നിർമ്മാണ, എയറോ‌സ്‌പേസ് രംഗത്ത് ചരിത്രപരമായൊരു നാഴികകല്ല് താണ്ടിയിരിക്കുകയാണ് ഇന്ത്യ. ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഗുജറാത്തിലെ വഡോദരയിലുള്ള ഫൈനൽ അസംബ്ളി ലൈനിൽ രാജ്യത്ത്തന്നെ നിർമ്മിച്ച ഒരു സി295 എയർബസ് ട്രാൻസ്‌പോർട്ട് വിമാനം പുറത്തിറക്കിയിരിക്കുകയാണ്. തദ്ദേശീയമായി ഒരു സ്വകാര്യ ഇന്ത്യൻ കമ്പനി ഇത്തരത്തിൽ സൈനിക വിമാനം വിജയകരമായി നിർമ്മിക്കുന്നത് ഇതാദ്യമാണ്. സൈനിക, രക്ഷാദൗത്യങ്ങൾക്കായി രൂപകൽപനചെയ്‌ത ഇടത്തരം വിമാനമാണ് സി295 എയർബസ്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം ഒരു വലിയ കടമ്പയാണ് ഇതിലൂടെ ടാറ്റ സ്വന്തമാക്കിയിരിക്കുന്നത്. സങ്കീർണമായ പ്രതിരോധ ഉൽപാദന രംഗത്തെ ഇന്ത്യയിലെ സ്വകാര്യമേഖലയുടെ വളർച്ചയെ സൂചിപ്പിക്കുന്നതാണ് ഈ വിമാനത്തിന്റെ നിർമ്മാണം. 2021ൽ ഇന്ത്യയും എയർബസും തമ്മിൽ ഒപ്പുവച്ച ഒരു കരാറിന്റെ ഭാഗമായാണ് വഡോദരയിൽ ഈ സംവിധാനം പ്രവർ‌ത്തനമാരംഭിച്ചത്. ഏകദേശം 21000 കോടിയിലേറെ വിലമതിക്കുന്നതാണ് ഇതിന്റെ മൂല്യം. 1960കൾ മുതൽ ഇന്ത്യ ഉപയോഗിക്കുന്ന അവ്റോ ട്രാൻസ്‌പോർട് എയർക്രാഫ്‌റ്റിന് പകരമായാണ് ഇവ ഇന്ത്യൻ സൈന്യത്തിലെത്തുക. 2031ഓടെ അവ്‌റോ വിമാനങ്ങൾ പടിയിറങ്ങും.

മീഡിയം ടാക്‌ടിക്കൽ ട്രാൻസ്‌പോർട്ട് എയർക്രാഫ്‌റ്റായാകും ഇവ എത്തുക. ട്രൂപ്പുകളെ എത്തിക്കുക. കാർഗോ, സമുദ്രമേഖലാ നിരീക്ഷണം, ദുരന്തമേഖലയിലെ ആവശ്യങ്ങൾ, പ്രത്യേക ഓപ്പറേഷനുകൾ എന്നിവയ്‌ക്കാണ് സി295 എയർബസുകൾ ഇന്ത്യ ഉപയോഗിക്കുക. ഇന്ത്യയും എയർബസും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം ആദ്യ 16 സി295 വിമാനങ്ങൾ ഇന്ത്യയ്‌ക്ക് സ്‌പെയിനിൽ നിന്ന് നൽകിയിരുന്നു. അവശേഷിക്കുന്ന 40എണ്ണം വഡോദരയിലെ ഫൈനൽ അസംബ്ളി ലെയിനിൽ നിർമ്മിക്കും. ഗുജറാത്തിലെ ഈ ഫൈനൽ അസംബ്ളി ലെയിനിലൂടെ ചെറുകിട, മീഡിയം, മൈക്രോ സ്ഥാപനങ്ങൾക്ക് ജോലിനൽകാനും സാധിക്കും.

സാങ്കേതികവിദ്യ കൈമാറ്റം, തദ്ദേശീയമായ ആകാശവൈദഗ്‌ദ്ധ്യ വികസനം, ആഗോള വ്യോമയാന നിർമ്മാണ ശൃംഖലയിലേക്ക് ഇന്ത്യയെ ചേർക്കുക എന്നിവയെല്ലാം ഈ പ്രോജക്‌ടിന്റെ ലക്ഷ്യമാണ്. സി295 വിമാനം നിർമ്മിച്ചതോടെ പ്രതിരോധ മേഖലയിൽ നൂതന സൈനിക വിമാനങ്ങളെ യോജിപ്പിച്ച് നിർമ്മിക്കാൻ പ്രാപ്‌തിയുള്ള ചുരുക്കം രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TATA, DEFENCE, INDIANARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360