SignIn
Kerala Kaumudi Online
Monday, 11 May 2026 10.59 AM IST

ഉറക്കമില്ലാത്ത രാത്രികൾ തലച്ചോറിന് ഭീഷണി; ലക്ഷണങ്ങൾ ആ രോഗത്തിന് സമാനമെന്ന് പഠനം

Increase Font Size Decrease Font Size Print Page
-sleep-loss

ലാഗോസ്: പലപ്പോഴും നമ്മൾ നിസാരമായി കാണുന്ന ഒന്നാണ് രാത്രിയിലെ ഉറക്കം. പരീക്ഷയ്ക്ക് പഠിക്കാനോ, ജോലിയുടെ തിരക്ക് തീർക്കാനോ സിനിമ കണ്ടോ രാത്രി മുഴുവൻ ഉണർന്നിരിക്കുന്നവരുണ്ട്. എന്നാൽ, ഇത് നിങ്ങളുടെ തലച്ചോറിനുള്ളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അൽഷിമേഴ്‌സ് പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് സമാനമാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഉറക്കമില്ലായ്മ തലച്ചോറിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയെ തടയുന്നതും ഓർമ്മകളെ നശിപ്പിക്കുന്നതും എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് നൈജീരിയയിലെ ഇബാദാൻ സർവ്വകലാശാലയിൽ നടന്ന പുതിയ പഠനം. ഉറക്കവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള അമ്പരപ്പിക്കുന്ന ബന്ധത്തെക്കുറിച്ച് കൂടുതൽ പരിശോധിക്കാം.

കഴിഞ്ഞ 25 വർഷത്തെ പഠനങ്ങൾ വിശകലനം ചെയ്താണ് ഇബാദാൻ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഉറക്കക്കുറവ് ഓർമ്മശക്തിയെയും തലച്ചോറിന്റെ പ്രവർത്തനത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പഠനം വിശദീകരിക്കുന്നു.

തലച്ചോറിലെ മാറ്റങ്ങൾ
കുറഞ്ഞ സമയത്തെ ഉറക്കമില്ലായ്മ പോലും തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ബന്ധം ദുർബലമാക്കും. ഇത് ഓർമ്മശക്തിയെ നശിപ്പിക്കുന്ന വീക്കത്തിന് കാരണമാവുകയും തലച്ചോറിൽ വിഷാംശങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നു. പുതിയ കോശങ്ങളുടെ ഉൽപ്പാദനം കുറയുന്നതും മറ്റൊരു ഗുരുതര പ്രശ്നമാണ്. വാർദ്ധക്യത്തിൽ ഉണ്ടാകുന്ന അൽഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളോട് സമാനമാണ് ഈ അവസ്ഥയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.


ഉറക്കം എത്ര സമയം വേണം
18നും 64നും ഇടയിൽ പ്രായമുള്ളവർ ദിവസവും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങണമെന്നാണ് പഠനം ശുപാർശ ചെയ്യുന്നത്. കുട്ടികളുടെ മസ്തിഷ്ക വികാസത്തിനായി ഇതിലും കൂടുതൽ സമയം ഉറക്കം ആവശ്യമാണ്. പരീക്ഷകൾക്കോ ജോലിക്കോ വേണ്ടി രാത്രി മുഴുവൻ ഉണർന്നിരിക്കുന്നത് കാര്യങ്ങൾ പഠിച്ചെടുക്കാനോ അടുത്ത ദിവസം വ്യക്തമായി ചിന്തിക്കാനോ സഹായിക്കില്ല. പകരം, പുതിയ കാര്യങ്ങൾ പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, എളുപ്പത്തിൽ മറന്നുപോവുക, തീരുമാനങ്ങൾ എടുക്കുന്നതിൽ പാളിച്ച സംഭവിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇതുണ്ടാക്കുന്നത്.

ഹിപ്പോകാമ്പസും ഓർമ്മകളും
തലച്ചോറിൽ ഓർമ്മകൾ സൂക്ഷിക്കുന്ന 'ഹിപ്പോകാമ്പസ്' എന്ന ഭാഗത്തെ ഉറക്കക്കുറവ് നേരിട്ട് ബാധിക്കും. പകൽ സമയത്തെ അനുഭവങ്ങളെ ദീർഘകാല ഓർമ്മകളായി മാറ്റി സൂക്ഷിക്കുന്നത് ഉറക്കത്തിനിടയിലാണ്. ഉറക്കം കുറയുമ്പോൾ ഹിപ്പോകാമ്പസിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും 'ബീറ്റാ-അമിലോയ്ഡ്', 'ടൗ' തുടങ്ങിയ വിഷാംശമുള്ള പ്രോട്ടീനുകൾ തലച്ചോറിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. അൽഷിമേഴ്സ് രോഗികളിലും സമാനമായ രീതിയിൽ ഇത്തരം പ്രോട്ടീനുകൾ കാണപ്പെടാറുണ്ട്.


അൽഷിമേഴ്സ് രോഗം നിലവിൽ പൂർണമായും ഭേദമാക്കാൻ കഴിയില്ലെങ്കിലും, ഉറക്കക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കൃത്യമായ ഉറക്ക ശീലങ്ങളിലൂടെ തലച്ചോറിനേറ്റ ആഘാതങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് 'ഐബിആർഒ ന്യൂറോസയൻസ് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

TAGS: ALZHEMERS, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360