
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ പുത്തൻ അദ്ധ്യായമെഴുതി 'ദളപതി" വിജയ് മുഖ്യമന്ത്രിയാകും. നാളെ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമെന്ന് ടി.വി.കെ വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിൽ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് ടി.വി.കെ കത്തു നൽകിയിരുന്നു.
ഡി.എം.കെ നയിച്ച മതേതര പുരോഗമന മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടി, ഭരണം ഉറപ്പിക്കാമെന്ന കണക്കു കൂട്ടലിലാണ് ടി.വി.കെ നേതൃത്വം. ഭൂരിപക്ഷം ഉറപ്പിക്കാൻ 12 സീറ്റുകളാണ് ഇനി വേണ്ടത്.
5 എം.എൽ.എമാരുള്ള കോൺഗ്രസ് പിന്തുണ ടി.വി.കെ ഉറപ്പാക്കിയിട്ടുണ്ട്. രണ്ടു സീറ്റു വീതമുള്ള സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലിംലീഗ്, ഒരു സീറ്റുള്ള ഡി.എം.ഡി.കെ എന്നിവരെക്കൂടി ഒപ്പം കൂട്ടാനാണ് ശ്രമം. ഈ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചാൽ ഭരണമുറപ്പിക്കാം.
108 സീറ്റുകളിലാണ് ടി.വി.കെ വിജയിച്ചത്. വിജയിച്ച രണ്ടു മണ്ഡലങ്ങളിലൊന്നായ തിരുച്ചിറപള്ളി ഈസ്റ്റിൽ വിജയ് രാജിവയ്ക്കും. ഒരംഗം സ്പീക്കർ സ്ഥാനത്തേക്ക് മാറും. മതേതര പുരോഗമന മുന്നണിയിലെ 14 അംഗങ്ങളെക്കൂടി ഒപ്പമെത്തിച്ച് അംഗബലം 120ലെത്തിക്കാനാണ് ടി.വി.കെ ശ്രമം. 118 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഒപ്പം നിന്നാൽ മന്ത്രിയാക്കും
അതേസമയം സി.പി.ഐ, വി.സി.കെ പാർട്ടികൾ ഡി.എം.കെ സഖ്യംവിടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇവർ ഡി.എം.കെയ്ക്ക് ഒപ്പം നിന്നാൽ എൻ.ഡി.എയ്ക്ക് ഒപ്പമുള്ള പി.എം.കെയെ സമീപിക്കാനാണ് ടി.വി.കെ തീരുമാനം. നാലു സീറ്റുകളാണ് പി.എം.കെയ്ക്കുള്ളത്. മുന്നണിയിൽ എത്തുന്നവർക്ക് ഭരണ പങ്കാളിത്തം നൽകുമെന്ന വാഗ്ദാനമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ടി.വി.കെയിലേക്ക് ആകർഷിക്കുന്നത്. ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികൾ അധികാരത്തിലെത്തിയപ്പോൾ ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകിയിരുന്നില്ല. അണ്ണാ ഡി.എം.കെയുടെ പിന്തുണ തേടാൻ ടി.വി.കെ ആലോചിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |