
ന്യൂഡൽഹി: ജന്തർ മന്ദറിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ റദ്ദാക്കും. അവരുടെ ഭാവി പരിഗണിച്ചാണിത്. ഇതിനായി ഭരണഘടനയിലെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ കേസ് പ്രത്യേകം കൈകാര്യം ചെയ്യും.
വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ വസ്‌തുതാന്വേഷണവും നടത്തും. ഇതിനായി മുൻ സുപ്രീംകോടതി ജഡ്‌ജി,മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുൻ ഡി.ജി.പി എന്നിവരടങ്ങിയ ഉന്നതാധികാര സമിതി രൂപീകരിക്കും. അതിക്രമത്തിനിരയായവരെ സമിതി നേരിട്ടുകാണും. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കും. പൊലീസിനുനേരെ അതിക്രമമുണ്ടായെന്ന പരാതികളും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കും. വിഷയത്തിൽ യുക്തിസഹമായ നിഗമനത്തിലെത്തേണ്ടതിനാലാണ് സമിതി രൂപീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സ്വതന്ത്ര സ്വഭാവമുള്ള സമിതിയായിരിക്കണമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു.
പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചപ്പോൾ, പ്രായപൂർത്തിയാകാത്തവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് കേരളം അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ച കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയയ്ക്കാൻ മറ്റൊരു ബെഞ്ച് ഉത്തരവിട്ടു.
എ.കെ. 47 പ്രയോഗിച്ചു
സിവാനിലെ വിദ്യാർത്ഥി സമരത്തിനുനേരെ പൊലീസ് എ.കെ. 47 പ്രയോഗിച്ചെന്ന് സമ്മതിച്ച് ബീഹാർ സർക്കാർ. ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിയ കോൺസ്റ്റബിൾ നാലുറൗണ്ട് വെടിവച്ചു. ആർക്കും പരിക്കില്ല. ഒരു എ.എസ്.ഐ 9 എം.എം പിസ്റ്റൾ ഉപയോഗിച്ച് രണ്ട് റൗണ്ട് വെടിവച്ചു. 3 സമരക്കാർക്ക് പരിക്കേറ്റു. സമരക്കാർ പൊതുമുതൽ നശിപ്പിച്ചു. 157 പൊലീസുകാർക്ക് പരിക്കേറ്റെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.
മഫ്‌തിയിൽ ലാത്തി
പ്രയോഗിച്ചത് തെറ്റല്ല
ജൂലായ് 20ലെ വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ചിനെ നേരിടാൻ മഫ്‌തിയിൽ പൊലീസുകാരെ നിയോഗിച്ചതിനെ ന്യായീകരിച്ച് ഡൽഹി പൊലീസ്. തന്ത്രപരമായ സമീപനമാണത്. ലാത്തി പ്രയോഗം നിയമവിരുദ്ധമല്ല. ദൃശ്യങ്ങളിലുള്ളത് ആണിയടിച്ച ലാത്തിയല്ല, ദേശീയപതാക കെട്ടിയ വടിയാണ്. മാർച്ചിന് അനുമതിയുണ്ടായിരുന്നില്ല. ബാരിക്കേഡുകൾ മറികടക്കാൻ സമരക്കാർ ശ്രമിച്ചപ്പോഴാണ് നടപടിയെടുത്തത്. 30000ലധികമുണ്ടായിരുന്ന സമരക്കാരെ നിയന്ത്രിക്കാൻ 5000ത്തോളം പൊലീസുകാരാണുണ്ടായിരുന്നത്. അമിത ബലപ്രയോഗമുണ്ടായിട്ടില്ല. 240 പൊലീസുകാർക്കും 200 സമരക്കാർക്കും പരിക്കേറ്റു. ക്രിമിനൽ കേസുകളിൽ പ്രതിയായ 2873 പേർ നുഴഞ്ഞുകയറി. അക്കാര്യം പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ ചിത്രങ്ങൾ മാത്രമെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം പകർത്തുകയുള്ളു. ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകർ തിരിച്ചടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |