
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും കോൺഗ്രസിൽ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്. കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് മണിക്കൂറുകളോളം കേരളത്തിലെ നേതാക്കളുമായി നടത്തിയ ചർച്ചയും ഫലം കണ്ടിരുന്നില്ല. മുഖ്യമന്ത്രി ആരെന്നതിൽ അന്തിമതീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും മേയ് 23 വരെ സമയമുണ്ടെന്നുമാണ് യോഗത്തിന് ശേഷം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പ്രതികരിച്ചത്. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രി പദത്തെ ചൊല്ലി കേരളത്തിൽ കോൺഗ്രസ് പ്രവർത്തരുടെ വിഭാഗീയ പ്രവർത്തനങ്ങളിലും പ്രകടനങ്ങളിലും രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചതെന്നാണ് വിവരം. കെ.സി. വേണുഗോപാൽ, വി,ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നു നേതാക്കളോടും ഇത് സംബന്ധിച്ച് രാഹുൽ സംസാരിച്ചു. നേതാക്കളുടെ അഭിപ്രായം കേട്ട രാഹുൽ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ശക്തിപ്രകടനം അവസാനിപ്പിക്കണമെന്നും അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും ഹൈക്കമാൻഡും വ്യക്തമാക്കി, അതിന് ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതെന്നും ഹൈക്കമാൻഡ് അറിയിച്ചു ഈ നിർദ്ദേശത്തെ തുടർന്നാണ് യോഗത്തിന് ശേഷം വി.ഡി. സതീശനും വേണുഗോപാലും ചെന്നിത്തലയുംപ്രവർത്തകരോട് ഐക്യത്തിന് ആഹ്വാനം ചെയ്തത്.
പ്രവർത്തകർ ആർക്കു വേണ്ടിയും അനുകൂലമായോ പ്രതികൂലമായോ പ്രകടനങ്ങൾ നടത്തുകയോ ഫ്ലക്സ് ബോർഡുകൾ വയ്ക്കുകയോ ചെയ്യരുതെന്ന് മൂന്നുപേരും അഭ്യർത്ഥിച്ചു സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ ഇന്ന് തന്നെ എടുത്ത് മാറ്റണമന്നും തെരുവിൽ ഇറങ്ങരുതെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമപ്രധാനമെന്നും വ്യക്തമാക്കിയ നേതാക്കൾ തെരുവിലെ പോര് ഇന്നത്തോടെ അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ പലയിടത്തും സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു തുടങ്ങി. തുടർന്നുള്ള സാഹചര്യം പരിശോധിച്ച ശേഷം ഹൈക്കമാൻഡ് നാളെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് കെ.പി.സി.സി വൃത്തങ്ങൾ നൽകുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |