
മോദിയുമായി കൂടിക്കാഴ്ച
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി സനേ തകൈചി ഡൽഹിയിലെത്തി. ഇന്ന് നടക്കുന്ന ഇന്ത്യ-ജപ്പാൻ 16-ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണെത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തകൈചി കൂടിക്കാഴ്‌ച നടത്തും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനമാണ്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയുമായുള്ള സഹകരണത്തിന് പ്രസക്തിയുണ്ടെന്ന് ഇന്നലെ യാത്ര തിരിക്കും മുമ്പ് അവർ പറഞ്ഞു. അടിസ്ഥാന മൂല്യങ്ങളും തന്ത്രപരമായ താത്‌പര്യങ്ങളും പങ്കിടുന്നതിനാൽ ഇന്ത്യയുമായുള്ള സഹകരണത്തിന് പ്രാധാന്യം വർദ്ധിച്ചുവരികയാണ്.
തന്റെ സന്ദർശനം ജപ്പാനും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണ ബന്ധം ആഴത്തിലാക്കുക, സാമ്പത്തിക സുരക്ഷയിൽ സഹകരണം പ്രോത്സാഹിപ്പിക്കുക, നിക്ഷേപത്തിനും നവീകരണത്തിനുമായി ഇരു രാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുക എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ്.
ജപ്പാനിലെ 150ലധികം ബിസിനസ് പ്രമുഖരുടെ പങ്കാളിത്തത്തോടെ ജപ്പാൻ-ഇന്ത്യ സാമ്പത്തിക ഫോറം യാഥാർത്ഥ്യമാക്കും. സർക്കാർ, സ്വകാര്യ മേഖലകളെ ഒന്നിപ്പിക്കുന്നതിലൂടെ, ജപ്പാൻ-ഇന്ത്യ സഹകരണത്തിന്റെ വ്യാപ്തി വിശാലമാക്കാനും ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ യാഥാർത്ഥ്യമാക്കാനും ലക്ഷ്യമിടുന്നു. ഏഷ്യയിലെ ഒരു പ്രധാന ജനാധിപത്യ രാജ്യമെന്ന നിലയിൽ ജപ്പാനെപ്പോലെ ഇന്ത്യയും സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, ജപ്പാൻ, അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവയുടെ ക്വാഡ് ചട്ടക്കൂട്, ഇന്തോ-പസഫിക്കിന്റെ സുരക്ഷ തുടങ്ങിയവയും ചർച്ചയാകും. പ്രധാനമന്ത്രി മോദിയുമായുള്ള വ്യക്തി ബന്ധം ആഴത്തിലാക്കാനുള്ള അവസരമാണെന്നും തകൈചി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |