SignIn
Kerala Kaumudi Online
Thursday, 02 July 2026 4.10 AM IST

അയോദ്ധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് ഇ.ഡി,​ സി.ബി.ഐ

ayodhya

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടോ എന്ന സംശയത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്ര് (ഇ.ഡി) അന്വേഷണം നടത്തിയേക്കും. കൊള്ളയുടെ വ്യാപ്തി മറ്റ് സംസ്ഥാനത്തേക്കും വിദേശത്തേക്കും വ്യാപിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. അതിനാൽ സി.ബി.ഐയും കേസെടുത്തേക്കും.

അറസ്റ്റിലായ എട്ട് പ്രതികളും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്ന വിലയിരുത്തലിൽ ആദായനികുതി വകുപ്പും പരിശോധന ആരംഭിച്ചു. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ഇ.ഡി അന്വേഷണത്തിന് അയോദ്ധ്യ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി യു.പി സർക്കാർ ആശയവിനിമയം നടത്തി.

സംഭാവനക്കൊള്ളയിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് (എസ്.ഐ.ടി)​ 15 ദിവസം കൂടി യു.പി സർക്കാർ അനുവദിച്ചു. പ്രതികളുടെ വീടുകളിൽ വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഫൈസാബാദ് ജയിലിൽ പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണിത്. ക്ഷേത്രത്തിന്റെ സുരക്ഷാചുമതല ഏൽപ്പിച്ചിരുന്ന സ്വകാര്യ ഏജൻസിയിലെ 400 ജീവനക്കാർ നിരീക്ഷണത്തിലാണ്. ക്ഷേത്രത്തിലെ 1600ലധികം സി.സി ടിവി ക്യാമറകൾ നിരീക്ഷിക്കുന്ന സംഘത്തെ നയിച്ചിരുന്ന റേഡിയോ ഓപ്പറേഷൻ ഓഫീസർ അർജുൻ ദേവിനെ ചുമതലയിൽ നിന്ന് നീക്കി.

കാണിക്കപ്പെട്ടികൾ

യോഗാ സെന്ററിൽ

രാമക്ഷേത്രത്തിലേതെന്ന് കരുതുന്ന നാല് കാണിക്കപ്പെട്ടികൾ കൗശൽപുരിയിലെ യോഗാ സെന്ററിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ക്യു.ആർ കോഡുള്ള പെട്ടികളിൽ 'രാമരാജ്യ കോശ്" (രാമരാജ്യ ഫണ്ട്) എന്നെഴുതിയിട്ടുണ്ട്. പെട്ടികൾ തുറന്ന് പരിശോധിച്ചു. ബ്ലാങ്കറ്റിൽ പൊതിഞ്ഞാണ് ഇവയ്ക്കുള്ളിൽ പണം സൂക്ഷിച്ചിരുന്നത്. 38 ലക്ഷത്തോളം രൂപയുണ്ടായിരുന്നു.

അറസ്റ്റിലായ അവിനാശ് ശുക്ലയുടെ സഹോദരൻ അഭിഷേക് ശുക്ലയ്‌ക്ക് ബന്ധമുള്ള സ്ഥാപനമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360