
മുംബയിൽ മരം വീണ് മരണമടഞ്ഞ വിഹാന്റെ സംസ്കാരം നടന്നു
മുംബയ് : സ്കൂൾ വിട്ടുവന്നാൽ അവൻ ആദ്യം എടുക്കുക ക്രിക്കറ്റ് ബാറ്റും ബോളുമാണ്. എന്നും ബാറ്റും പിടിച്ച് മകൻ വരുന്നതും നോക്കിയിരിക്കുന്നത് ആ അമ്മയ്ക്ക് ശീലമായിരുന്നു.
കഴിഞ്ഞ ദിവസവും അവർ അങ്ങനെയിരുന്നു, പക്ഷേ എത്തിയത് മകൻ വിഹാന്റെ ചേതനയറ്റ ശരീരം. സംസ്കാര ചടങ്ങ് കഴിയുംവരെ ജൂഹി വിശ്വസിച്ചു, മകൻ വരുമെന്ന്. അതുകൊണ്ട് ചുറ്റുമുള്ളവർ കരഞ്ഞപ്പോഴും അവർ കരഞ്ഞില്ല. മകനുണരുന്നതും നോക്കി ആ ബാറ്രും പിടിച്ചിരുന്നു. കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി. ഒടുവിൽ അവനെ ചിതയിലേക്കെടുത്തപ്പോൾ എല്ലാ പ്രതീക്ഷയും മങ്ങിയ ജൂഹി, ആ ബാറ്റ് ഏക മകന്റെ ഹൃദയത്തോട് ചേർത്തുവച്ചു.. ഇനിയെന്നും മറ്റൊരു ലോകത്ത് പൊന്നോമനയ്ക്ക് കളിക്കാനായി.
ഒരു പ്രൊഫഷണൽ ക്രിക്കറ്റർ ആകണമെന്നതായിരുന്നു അവന്റെ സ്വപ്നമെന്നും തടയാമായിരുന്ന ദുരന്തമായിരുന്നുയെന്നും കരഞ്ഞുകൊണ്ട് പറയുന്നു, വിഹാന്റെ മുത്തച്ഛൻ എസ്. എൻ ശ്രീവാസ്തവ.
കഴിഞ്ഞ ദിവസമാണ് മുംബയിൽ സ്കൂൾ ബസിനുമുകളിൽ മരം വീണ് 11കാരനായ വിഹാൻ ശ്രീവാസ്തവ മരണപ്പെട്ടത്. വീഴാറായി നിൽക്കുന്ന മരങ്ങളെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതുകൊണ്ട് പൊലിഞ്ഞുപോയ കുരുന്ന്. അപകടം നടക്കുമ്പോൾ ബസിൽ 13 കുട്ടികളാണുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വിഹാനെ രക്ഷിക്കാനായില്ല. സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |