SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

അമിത് ഷാ വരും, ബഹളം വയ്ക്കരുത്; പ്രതിപക്ഷത്തോട് ഉപാധിവച്ച് കേന്ദ്രമന്ത്രി

READ ENGLISH VERSION
amith


വിദ്യാർത്ഥി സമരത്തിൽ ചർച്ചയ്ക്ക് തയ്യാർ

ന്യൂഡൽഹി: വിദ്യാർത്ഥി സമരത്തിനെതിരായ പൊലീസ് നടപടിയിൽ പാർലമെന്റിൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ചർച്ചയ്ക്ക് ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നൽകുമെന്നും ലോക്സഭയിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. എന്നാൽ, അമിത് ഷാ വരുന്നതിൽ പ്രതിപക്ഷത്തോട് റിജിജു ഉപാധിവച്ചത് ബഹളത്തിനിടയാക്കി. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഓടിയൊളിക്കരുത്. സമാധാനത്തോടെ കേൾക്കണം. ചർച്ചയിലോ,​അമിത് ഷാ മറുപടി പറയുന്ന സമയത്തോ ബഹളമുണ്ടാക്കരുത്. മുദ്രാവാക്യം വിളിക്കരുത് എന്നിങ്ങനെയായിരുന്നു ഉപാധികൾ.

ഇതിന് വഴങ്ങാത്ത പ്രതിപക്ഷം, അയോദ്ധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസ്‌താവന നടത്തണമെന്ന് ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചു. രണ്ടു വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി. വിദ്യാർത്ഥി സമരത്തിൽ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് 16 ദിവസമായി പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ഈ ദിവസങ്ങളിലൊന്നും അമിത്ഷാ പാർലമെന്റിൽ എത്തിയില്ല. കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ഉൾപ്പെടെ രണ്ട് ബില്ലുകൾ ഇന്നലെ അവതരിപ്പിക്കേണ്ടിയിരുന്നത് അമിത്ഷാ ആയിരുന്നെങ്കിലും എത്തിയില്ല.

പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാൻ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. അയോദ്ധ്യ വിഷയത്തിൽ കൂടി ചർച്ചയ്‌ക്ക് കേന്ദ്രം തയ്യാറായില്ലെങ്കിൽ ഇരുസഭകളിലും നിസഹകരണം തുടരാണ് പ്രതിപക്ഷ തീരുമാനം.

എഫ്.സി.ആർ.എ ഭേദഗതി

ബില്ലിൽ സമവായമായില്ല

നിർണായക ബില്ലുകളിലടക്കം പ്രതിപക്ഷം ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് ലോക്‌സഭാ ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ സ്‌പീക്കർ ഓം ബിർള വൈകാരികമായി അഭ്യർത്ഥിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. എഫ്.സി.ആർ.എ ഭേദഗതി ബിൽ ജെ.പി.സിക്ക് വിടാമെന്ന് സ്‌പീക്കർ അറിയിച്ചപ്പോൾ അവിടെയും നിലപാട് ഏകപക്ഷീയമായിരിക്കുമല്ലോ എന്ന് കെ.സി.വേണുഗോപാൽ എം.പി തിരിച്ചടിച്ചു.

അതേസമയം, മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ ഡി.എം.കെ, എൻ.സി.പി ശരദ്പവാർ വിഭാഗം അടക്കം പ്രതിപക്ഷത്തെ ചില പാ‌ർട്ടികളുടെ സഹായം ഉറപ്പാക്കാൻ കേന്ദ്രം ചരടുവലികൾ നടത്തുന്നതായി സൂചനയുണ്ട്. എന്നാൽ, എഫ്.സി.ആർ.എ ബില്ലിനെ ഈ രണ്ട് പാർട്ടികളും എതിർക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അവരെ പിണക്കാതെ എഫ്.സി.ആർ.എ ബിൽ ജോയിന്റ് പാർലമെന്റി കമ്മിറ്റിക്ക് (ജെ.പി.സി) വിടാനാണ് കേന്ദ്രം ആലോചിക്കുന്നത്. മറ്റന്നാൾ ബിൽ ലോക്‌സഭ ചർച്ചയ്‌ക്കെടുത്തേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMIT SHAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360