
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്കു വീണ സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം. കഴിഞ്ഞ ദിവസം നടത്തിയ രണ്ടാം ലഹരി പരിശോധനയിലും പരാജയപ്പെട്ട പൈലറ്റിന്റെ ശരീരത്തിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ആദ്യ പരിശോധനയിൽ സംശയാസ്പദമായ ഫലം വന്നതിനേത്തുടർന്നാണ് രണ്ടാമത് സ്ഥിരീകരണ പരിശോധന നടത്തിയത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പൈലറ്റിനെയും സഹ പൈലറ്റിനെയും ഡ്യൂട്ടിയിൽ നിന്നു വിലക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ നാലിനാണ് 137 യാത്രക്കാരുമായി തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനം യാത്രാമദ്ധ്യേ 300 അടി താഴ്ചയിലെത്തിയത്. 13 യാത്രക്കാർക്കും നാല് വിമാന ജീവനക്കാർക്കും പരിക്കേറ്റിരുന്നു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ വ്യോമയാന അപകട അന്വേഷണ ബ്യൂറോയും (എ.എ.ഐ.ബി) ഡി.ജി.സിഎയും അന്വേഷണം നടത്തുകയാണ്.
ഇതിന്റെ ഭാഗമായാണ് പൈലറ്റുമാരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കിയത്. ലഹരി ഉപയോഗിച്ചതായി തെളിഞ്ഞതോടെ ഡി.ജി.സി.എ മാനദണ്ഡപ്രകാരമാണ് പൈലറ്റിനെ ഉടനടി ഡ്യൂട്ടിയിൽ നിന്ന് മാറ്റിയത്. ഇയാളെ നിർബന്ധിത ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് അയയ്ക്കും. പുനരധിവാസത്തിന് ശേഷം വീണ്ടും നടത്തുന്ന പരിശോധനയിൽ വിജയിച്ചാൽ മാത്രമേ ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവാദമുള്ളൂ. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് വർഷങ്ങളോളം സസ്‌പെൻഡ് ചെയ്യുകയോ എന്നെന്നേക്കുമായി റദ്ദാക്കുകയോ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |