
ന്യൂഡൽഹി: പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനാൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവശേഷിക്കുന്ന രണ്ടു ദിവസങ്ങളിലും ബഹളം തുടരാൻ സാദ്ധ്യത. എഫ്.സി.ആർ.ഐ ബിൽ പ്രതിപക്ഷ എതിർപ്പിനിടയിലും ജെ.പി.സിക്ക് വിട്ടേക്കും.
എഫ്.സി.ആർ.എ ബിൽ പരിഗണിക്കുകയാണെങ്കിൽ അമിത് ഷാ സഭയിലെത്തുമെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. ലോക്സഭയുടെ ഇന്നത്തെ അജണ്ടയിൽ എഫ്.സി.ആർ.എബില്ലിന്റെ പരാമർശവുമില്ല. കഴിഞ്ഞ ദിവസം അവതരിപ്പിച്ച മൈൻസ് ആന്റ് മിനറൽസ് ബിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ബിൽ പരിഗണിക്കാൻ സർക്കാർ ഉദ്യേശിക്കുന്നുണ്ടങ്കിൽ സപ്ലിമെന്ററി ലിസ്റ്റ് ഇറക്കാനിടയുണ്ട്. ബിൽ വന്നാൽ തന്നെ അമിത് ഷായ്ക്ക് പകരം സഹമന്ത്രി നിത്യാനന്ദ റായിയെ ഏൽപ്പിക്കാനുള്ള സാദ്ധ്യതയുമുണ്ട്.
വിദ്യാർത്ഥികൾക്കെതിരായ നടപടിയുടെ പേരിൽ അമിത് ഷായുടെ പ്രസ്താവനയും അയോദ്ധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ ചർച്ചയും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നലെ ലോക്സഭ പ്രക്ഷുബ്ധമായിരുന്നു. രാവിലെ 11മണിക്ക് ചേർന്നയുടൻ രണ്ടുവരെ നിറുത്തിവച്ചു. രണ്ടു മണിക്ക് സഭ ചേർന്നപ്പോൾ നടുത്തളത്തിലിറങ്ങി പ്ലക്കാർഡുകളേന്തിയ പ്രതിപക്ഷാംഗങ്ങളുടെ മുദ്രാവാക്യ വിളികൾക്കിടെ കേരളത്തിന്റെ പേരു മാറ്റൽ ബില്ലും സഹകരണ സ്ഥാപനങ്ങൾക്ക് വായ്പയും ഗ്രാന്റും നൽകാൻ ദേശീയ സഹകരണ വികസന കോർപറേഷന് അധികാരം നൽകുന്ന ഭേദഗതി ബില്ലും പാസാക്കി. അമിത് ഷായുടെ പേരിലുണ്ടായിരുന്ന ബില്ലുകൾ സഹമന്ത്രിമാരാണ് പാസാക്കാനെടുത്തത്. ബില്ലുകൾ പാസാക്കിയ ശേഷം ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.രാജ്യസഭയും പ്രതിപക്ഷ ബഹളത്തിൽ ഉച്ചയ്ക്ക് മുൻപ് രണ്ടു തവണ നിറുത്തി വച്ച ശേഷം രണ്ടു മണിക്ക് ചേർന്നപ്പോൾ ട്രൈബ്യൂണൽ ബിൽ പാസാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |