
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് 'ബിലോംഗിംഗ്: എ ജേർണി ഒഫ് ലവ്' ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ പിന്മാറിയത് കേന്ദ്രസർക്കാരിന്റ സമ്മർദ്ദത്തെ തുടർന്നാണെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്, ചൈനയുമായുള്ള അതിർത്തി വിഷയങ്ങൾ എന്നിവ പരാമർശിക്കുന്ന മൂന്ന് അദ്ധ്യായങ്ങൾ ഒഴിവാക്കണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടു.
സോണിയ വഴങ്ങാതിരുന്നതോടെ പ്രസാധകർ പിന്മാറിയെന്നാണ് കോൺഗ്രസ് വാദം. ഉള്ളടക്കം വെട്ടിമാറ്റാൻ സർക്കാർ സമ്മർദ്ദം ചെലുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഇടപെടലാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പുസ്തകം അതേപടി പ്രസിദ്ധീകരിക്കുമ്പോൾ ഇന്ത്യയിൽ മാത്രം മാറ്റം ആവശ്യപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ആരോപണം ബി.ജെ.പി തള്ളി. സോണിയ തന്നെ എഴുതിയ ഓർമ്മക്കുറിപ്പിന് 'ഫാക്ട് ചെക്ക്' എന്തിനാണെന്നായിരുന്നു ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ പരിഹാസം. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയും കോൺഗ്രസ് ആരോപണം നിഷേധിച്ചു. വസ്തുതാപരിശോധനയും എഡിറ്റോറിയൽ നിർദേശങ്ങളും പ്രസാധന നടപടികളാണെന്നും സ്ഥാപനം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |