SignIn
Kerala Kaumudi Online
Sunday, 30 August 2026 12.56 PM IST

‘മിഷൻ 2028’; ജെൻ സീയെ കൂടെ നിർത്താൻ ബിജെപിയുടെ പുതിയ നീക്കം, അണിയറയിൽ ഒരുങ്ങുന്നത് വൻ തന്ത്രങ്ങൾ

narendra-modi
പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭോപ്പാൽ: 2028ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മദ്ധ്യപ്രദേശിൽ സംഘടനാപ്രവർത്തനം ശക്തമാക്കാനൊരുങ്ങി ബിജെപി. യുവാക്കളെയും ജെൻസീ തലമുറയെയും പാർട്ടിയുമായി കൂടുതൽ അടുപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. കൂടാതെ ഓരോ നിയമസഭാ മണ്ഡലത്തിലെയും ബൂത്ത് തലത്തിൽ സംഘടനാ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനും ബിജെപി ലക്ഷ്യമിടുന്നു.

മദ്ധ്യപ്രദേശിൽ ഇന്ന് തുടങ്ങുന്ന ബിജെപിയുടെ രണ്ട് ദിവസത്തെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ 'മിഷൻ 2028' സംബന്ധിച്ച ചർച്ചകൾ നടക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പാർട്ടിയുടെ തന്ത്രങ്ങൾക്ക് ഈ യോഗം രൂപം നൽകും. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് യുവ വോട്ടർമാരിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

യുവതലമുറയുമായി കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ പ്രശ്നങ്ങളും മുൻഗണനകളും മനസിലാക്കുന്നതിനുമായി പ്രത്യേക പ്രവർത്തനപദ്ധതി തയ്യാറാക്കാനാണ് പാർട്ടിയുടെ നീക്കം. കേരളത്തിലും ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കുന്നതിനായുള്ള പ്രവർത്തനം സജീവാക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ സംസ്ഥാനത്ത് സന്ദർശനം നടത്തും. അടുത്ത മാസം അഞ്ചിന് കണ്ണൂരിൽ അദ്ദേഹം പങ്കെടുക്കുന്ന ബലിദാനികളുടെ കുടുംബസംഗമം ഇതിനുള്ള വേദിയാകും.

സംഗമത്തിലേക്ക് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക ക്ഷണം നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭം വിജയം കണ്ടതിന് പിന്നാലെയാണ് പുതിയ തലമുറയെ കൂടെനിർത്താനുള്ള നീക്കത്തിലേക്ക് ബിജെപി കടന്നത്. അതിനുവേണ്ടിയുള്ള തന്ത്രങ്ങൾ മെനയുന്നതിനായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ നേതൃത്വത്തിൽ സമിതിയും രൂപീകരിച്ചിട്ടുണ്ട്. സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും ഈ സമിതിയിൽ അംഗങ്ങളാണ്.

നരേന്ദ്ര മോദിയുടെ 25 വർഷത്തെ ഭരണനേട്ടം ഉൾപ്പെടുത്തിക്കൊണ്ടാണ് ദേശീയ തലത്തിൽ പ്രചാരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 40 വയസിന് താഴെയുള്ളവർക്കാണ് ഈ പ്രവർത്തനങ്ങളുടെ ചുമതല. പാർട്ടി ഐടി സെൽ പുനഃസംഘടിച്ചപ്പോഴും കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തിയിരുന്നു.

ബീഹാറിൽ ബിജെപി ഇതിനകം കോളേജുകൾ, സർവകലാശാലകൾ, ഹോസ്റ്റലുകൾ, കോച്ചിംഗ് സെന്ററുകൾ, യൂത്ത് ക്ലബുകൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള സംവാദം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അടുത്ത മാസം മുതൽ ‘സേവാ സേതു’, ‘സേവാ സങ്കൽപ്’ പോലുള്ള പരിപാടികളിലൂടെ നേരിട്ടുള്ള ജനബന്ധം ശക്തമാക്കാനും യുവാക്കളെ അതിലേക്ക് കൂട്ടിക്കൊണ്ടുവരാനും ബിജെപി തീരുമാനം.

English Summary

The BJP is preparing a strategic ‘Mission 2028’ ahead of the Madhya Pradesh Assembly elections, focusing on strengthening booth-level networks and attracting Gen Z and young voters. The party plans targeted outreach to understand youth concerns and priorities. Similar efforts are being expanded in Kerala, with senior leaders engaging students and young people through dedicated programmes and campaigns.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP MISSION 2028, BJP GEN Z STRATEGY, MADHYA PRADESH BJP, GEN Z VOTERS, BJP YOUTH OUTREACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360