
റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും 15കാരനായ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെയും തങ്ങളുടെ സീനിയർ ടീമിൽ ഒരുമിച്ചു കളിപ്പിക്കാൻ സൗദി ഫുട്ബാൾ ക്ളബ് അൽ നസർ ശ്രമിക്കുന്നു. ക്ളബിന്റെ ആഗ്രഹത്തിന് ക്രിസ്റ്റ്യാനോ സീനിയർ സമ്മതം മൂളിയതായാണ് സൂചന. അടുത്ത സീസണിൽ ഇരുവരും ഒരുമിച്ചുപന്തുതട്ടിയേക്കും.
അൽ നസറിന്റെ യൂത്ത് ടീമിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളിക്കുന്നത്. അവിടെ മിന്നും ഫോമിലാണ് കൗമാരതാരം. നന്നേ ചെറുപ്പത്തിൽ തന്നെ മകനെയും തനിക്കൊപ്പം ഗ്രൗണ്ടിലേക്ക് കൂട്ടിയിരുന്നു ക്രിസ്റ്റ്യാനോ. താൻ കളിച്ച മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, യുവന്റസ് ക്ലബ്ബുകളുടെ അക്കാഡമികളിലാണ് മകന് ക്രിസ്റ്റ്യാനോ പരിശീലനം നൽകിയത്. അൽ നസർ അണ്ടർ-15 ടീമിനായി 27 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളാണ് കൗമാരതാരം അടിച്ചുകൂട്ടിയത്. യുവന്റസ് അക്കാഡമിയിൽ കളിക്കുന്ന സമയത്ത് 23 മത്സരങ്ങളിൽ നിന്ന് 58 ഗോളുകൾ നേടിയിരുന്നു.
അഞ്ചുതവണ ബാലൻ ഡി ഓർപുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022-ലാണ് വമ്പൻ പ്രതിഫലത്തിന് സൗദി ക്ലബ്ബിലെത്തിയത്. അൽ നസറുമായുള്ള പുതിയ കരാർ പ്രകാരം ഒരു വർഷം ക്രിസ്റ്റ്യാനോയ്ക്ക് 178 മില്ല്യൺ പൗണ്ട് (2000 കോടി രൂപ) ലഭിക്കും. ക്ലബിൽ 15% ഓഹരിയും താരത്തിനുണ്ട്. നിലവിൽ 2027 വരെ താരത്തിന് കരാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |