
ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് പ്ളേ ഓഫിൽ
ചെന്നൈ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ അഞ്ചുവിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് പ്ളേ ഓഫിലേക്കുള്ള ടിക്കറ്റെടുത്തു. ഇന്നലെ ചെപ്പോക്കിൽ 181 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ സൺറൈസേഴ്സ് ആറുപന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിയിരിക്കേയാണ് വിജയം ആഘോഷിച്ചത്.
ഈ സീസണിലെ അവസാന ഹോം മാച്ചിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 180/7 എന്ന സ്കോർ ആണ് ഉയർത്തിയത്. 27 പന്തുകളിൽ 44 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറർ. ചേസിംഗിനിറങ്ങിയ സൺറൈസേഴ്സിന് ട്രാവിസ് ഹെഡിനെ (6) തുടർക്കത്തിലേ നഷ്ടമായെങ്കിലും നായകൻ ഇഷാൻ കിഷൻ (47 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 70 റൺസ്), അഭിഷേക് ശർമ്മ (26), ഹെൻറിച്ച് ക്ളാസൻ (47) എന്നിവരുടെ ഇന്നിംഗ്സുകൾ വിജയത്തിലേക്കുള്ള വാതിൽ തുറന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. അഞ്ചു ബൗണ്ടറികളും ഒരു സിക്സുമടിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ച സഞ്ജു സാംസണിനെ(27) മൂന്നാം ഓവറിൽ നഷ്ടമായി. കമ്മിൻസിന്റെ പന്തിൽ കീപ്പർ ഇഷാൻ കിഷനാണ് സഞ്ജുവിനെ പിടികൂടിയത്. അഞ്ചാം ഓവറിൽ ഉർവിൽ പട്ടേലിനെ(13) സാക്കിബ് ബൗൾഡാക്കി. തുടർന്ന് കാർത്തിക് ശർമ്മയും (32) ചെന്നൈ നായകൻ റുതുരാജും(15) കൂടി 10-ാം ഓവറിൽ 90 റൺസ് വരെയെത്തിച്ചെങ്കിലും അവിടെ വച്ച് കമ്മിൻസ് ഉർവിലിനെ തിരിച്ചയച്ചു. നിതീഷിനായിരുന്നു ക്യാച്ച്. തന്റെ അടുത്ത ഓവറിൽ റുതുരാജിനെ (15) ക്കൂടി ഹൈദരാബാദ് ക്യാപ്ടൻ കൂടാരം കയറ്റി. ഇതോടെ ചെന്നൈ 100/4 എന്ന നിലയിലായി. തുടർന്ന് ബ്രെവിസും ശിവം ദുബെയും (26) ചേർന്ന് 159ലെത്തിച്ചു. അവിടെവച്ച് സാക്കിബ് ദുബെയെ മടക്കിഅയച്ചു.
നാലോവറിൽ 28 റൺസ് വഴങ്ങിയാണ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. സാക്കിബിന് രണ്ട് വിക്കറ്റ് ലഭിച്ചു.
13 മത്സരങ്ങളിൽ 16 പോയിന്റുമായാണ് സൺറൈസേഴ്സ് പ്ളേ ഓഫ് ഉറപ്പിച്ചത്. ആർ.സി.ബി,ഗുജറാത്ത് ടൈറ്റാൻസ് എന്നിവരുടേയും പ്ളേ ഓഫ് ഉറപ്പായിട്ടുണ്ട്.13 മത്സരങ്ങളിൽ 12 പോയിന്റുള്ള ചെന്നൈയുടെ സാദ്ധ്യതകൾ നേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |