
ന്യൂഡൽഹി : കഴിഞ്ഞരാത്രി ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിന് തോറ്റ രാജസ്ഥാൻ റോയൽസ് കൈവിട്ടത് വെറുമൊരു മത്സരം മാത്രമായിരുന്നില്ല, പ്ളേ ഓഫ് ബർത്ത് സുരക്ഷിതമാക്കാനുള്ള അവസരം കൂടിയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടിയപ്പോൾ ഡൽഹി നാലുപന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു. അഭിഷേക് പൊറേൽ(51), കെ.എൽ രാഹുൽ (56), അക്ഷർ പട്ടേൽ (34*), അശുതോഷ് ശർമ്മ (18) എന്നിവരുടെ ബാറ്റിംഗാണ് ഡൽഹിക്ക് ചേസിംഗ് ജയം നൽകിയത്.
ഇതിലും മികച്ച സ്കോർ നേടാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും ഒരൊറ്റ ഓവറിൽ മൂന്ന് വിക്കറ്റുകൾ കളഞ്ഞുകുളിച്ചതാണ് രാജസ്ഥാന് തിരിച്ചടിയായത്. യശസ്വി ജയ്സ്വാൾ (12) തുടക്കത്തിലേ പുറത്തായശേഷം വൈഭവ് സൂര്യവംശി (21 പന്തുകളിൽ 46 റൺസ്),ധ്രുവ് ജുറേൽ (53),റിയാൻ പരാഗ് (51) എന്നിവർ തകർത്തടിച്ച് ഒരുഘട്ടത്തിൽ രാജസ്ഥാനെ 161/2 എന്ന നിലയിലെത്തിച്ചിരുന്നു. എന്നാൽ 15-ാം ഓവറിൽ പരാഗ്, ഡൊണോവൻ ഫെരേര(0),രവി സിംഗ് (4) എന്നിവരെ പുറത്താക്കിയ മിച്ചൽ സ്റ്റാർക്ക് വലിയ സ്കോറിലെത്താനുള്ള രാജസ്ഥാന്റെ സ്വപ്നം തകർത്തു.
12 മത്സരങ്ങളിൽ ആറുവീതം ജയവും തോൽവിയുമായി 12 പോയിന്റുള്ള രാജസ്ഥാൻ ആറാം സ്ഥാനത്താണ്. 13മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഡൽഹി ഏഴാമതും. സാങ്കേതികമായി രാജസ്ഥാന് ഇനിയും പ്ളേ ഓഫ് സാദ്ധ്യതയുണ്ടെങ്കിലും പ്രായോഗികമായി വലിയ പ്രയാസമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |