
ഇറാഖിനെ 3-0ത്തിന് തകർത്ത് ഫ്രാൻസ് രണ്ടാം റൗണ്ടിൽ
കിലിയൻ എംബാപ്പെയ്ക്ക് ഇരട്ട ഗോൾ, ഡെംബലെയ്ക്ക് ഒരു ഗോൾ
ഫിലാഡെൽഫിയ : തുടർച്ചയായ രണ്ടാം മത്സരത്തിലും സൂപ്പർതാരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി മിന്നിത്തിളങ്ങിയപ്പോൾ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന് ഈസിയായി ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശനം. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ഇറാഖിനെയാണ് ഫ്രാൻസ് തകർത്തത്. ഒസ്മാനെ ഡെംബലെയാണ് ഒരു ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ സെനഗലിനെ 3-1ന് ഫ്രഞ്ച് പട കീഴടക്കിയിരുന്നു.
തുടക്കം മുതൽ ഇരച്ചുകയറിയ ഫ്രഞ്ചുകാർക്ക് മുന്നിൽ കളിമറന്ന ഇറാഖിന്റെ പോസ്റ്റിലേക്ക് 14-ാം മിനിട്ടിൽ തകർപ്പനൊരു ഇടംകാലനടിയിലൂടെയാണ് എംബാപ്പെ ആദ്യ ഗോൾ നേടിയത്. തുടർന്ന് ഫസ്റ്റ് ഫാഫിന് വിസിൽ മുഴങ്ങുന്നതുരവരെ നിരന്തരം ഇറാഖി ബോക്സിൽ ആക്രമണങ്ങൾ നടത്തിയെങ്കിലും സ്കോർ ബോർഡ് 1-0ആയിത്തന്നെ തുടർന്നു. രണ്ടാം പകുതിയിലും ഫ്രാൻസ് ആക്രമണം തുടർന്നപ്പോൾ 54-ാം മിനിട്ടിൽ വീണ്ടും ഇറാഖി വലകുലുങ്ങി. സ്വന്തം ഗോളിക്ക് പന്ത് നൽകാൻ നോക്കിയ സെയ്ദ് തഹ്സീനിൽ നിന്ന് അബദ്ധത്തിൽ കിട്ടിയ പന്ത് ഡെംബലെ എംബാപ്പെയ്ക്ക് ബാക്പാസ് നൽകുകയായിരുന്നു. കിട്ടിയതക്കത്തിന് എംബാപ്പെയുടെ കിടിലൻ ഫിനിഷ്. 66-ാം മിനിട്ടിൽ നിരവധി ഇറാഖി ഡിഫൻഡർമാരെ വെട്ടിച്ചുകയറി മൈക്കേൽ ഒലൈസ് നൽകിയ പാസിൽ നിന്ന് ഡെംബലെ ഫ്രാൻസിന്റെ പട്ടിക പൂർത്തിയാക്കി.
രണ്ടുകളികളും തോറ്റ ഇറാഖ് പുറത്താകലുറപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഫ്രാൻസ് ശനിയാഴ്ച നോർവേയെ നേരിടുമ്പോൾ ഇറാഖ് സെനഗലിനെ നേരിടും.
16
കിലിയൻ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം. 16 മത്സരങ്ങളിൽ നിന്നാണ് അത്രതന്നെ ഗോളുകൾ നേടിയത്.
4
ഈ ലോകകപ്പിൽ എംബാപ്പെയുടെ ഗോളുകളുടെ എണ്ണം.
100
എംബാപ്പെയുടെ നൂറാമത് അന്താരാഷ്ട്ര മത്സരമായിരുന്നു ഇറാഖിനെതിരെ.
60
എംബാപ്പെയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |