SignIn
Kerala Kaumudi Online
Friday, 28 August 2026 12.23 PM IST

പ്രളയക്കെടുതി: വിദേശരാജ്യങ്ങളുടെ രക്ഷാപ്രവർത്തന സഹായം നിരസിച്ച് നേപ്പാൾ, വേണ്ടത് സാമ്പത്തിക സഹായം

pm-balendra-shah
നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ

കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ നിരവധിപേർ മരണപ്പെടുകയും കാണാതാവുകയും ചെയ്ത സാഹചര്യത്തിലും വിദേശരാജ്യങ്ങളുടെ രക്ഷാപ്രവർത്തന സഹായം നിരസിച്ച് നേപ്പാൾ. രാജ്യത്തെ സ്വന്തം സുരക്ഷാ ഏ‌‌ജൻസികൾക്ക് നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ പ്രതികരണം.

ബുധനാഴ്ച നേപ്പാൾ-ചൈന അതിർത്തിയോട് ചേർന്നുള്ള ഭോട്ടെകോശി, തൃശൂലി നദീതീരങ്ങളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് 469 പേർ മരണപ്പെടുകയും 1,500ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ച് നിരവധി വിദേശരാജ്യങ്ങൾ രംഗത്തുവന്നത്. ഇന്ത്യ. ചൈന, യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് വിദഗ്ദ രക്ഷാപ്രവർത്തകരെ അയക്കാൻ തയ്യാറാണെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്.

സ്വന്തം രാജ്യത്തെ നൂറുകണക്കിന് പൗരന്മാരെ കാണാതായതിനെ തുടർന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിനെ നേപ്പാളിലേയ്ക്ക് അയക്കാൻ ഇന്ത്യയും അനുമതി തേടിയിരുന്നു. എന്നാൽ നേപ്പാൾ അത് നിരസിക്കുകയായിരുന്നു. 2015-ലെ ഭൂകമ്പസമയത്ത് നിരവധി വിദേശരാജ്യങ്ങളിലെ രക്ഷാപ്രവർത്തന സംഘങ്ങൾ ഒരേസമയം എത്തിയത് ഏകോപനത്തിലും മാനേജ്മെന്റിലും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും അതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും നേപ്പാൾ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം, നേരിട്ടുള്ള രക്ഷാപ്രവർത്തനത്തിന് പകരം വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായമാണ് നേപ്പാൾ ആവശ്യപ്പെടുന്നത്. പുനരധിവാസപ്രവർത്തനങ്ങൾക്കായി കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം അമേരിക്ക അഞ്ചുലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിക്കുകയും ലോകാരോഗ്യ സംഘടന അടിയന്തര മെഡിക്കൽ സഹായങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

English Summary

Kathmandu: Nepal has declined rescue assistance from foreign countries despite several people being killed or reported missing in flash floods. The government said that the country’s own security agencies are capable of handling the current situation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOOD, NEPAL FLOOD DEATH, FOREIGN RESCUE, NEPAL GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360