SignIn
Kerala Kaumudi Online
Friday, 28 August 2026 7.33 AM IST

നേപ്പാൾ ദുരന്തം: 80 അംഗങ്ങളെ കാണാനില്ല, വിങ്ങിപ്പൊട്ടി സദ്ഗുരു

b

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിലെ 80 തീർത്ഥാടകരെ കാണാതായി. ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവാണ് ഇക്കാര്യം അറിയിച്ചത്. ടിബറ്റിലെ സാഗ ക്യാമ്പിൽ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹം വിങ്ങിപ്പൊട്ടി.

കൈലാസ മാനസസരോവർ യാത്ര കഴിഞ്ഞ് മടങ്ങവേയാണ് സംഘം ദുരന്തത്തിൽപ്പെട്ടത്. ടിബത്തിലെ ഗൈറോംഗ് ഇമിഗ്രേഷൻ സെന്ററിലേക്ക് ഇവർ ബുധനാഴ്ച രാവിലെ ഒമ്പതോടെ എത്തിയതായി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഒമ്പത് മിനിട്ടിനുള്ളിൽ പ്രളയത്തിൽ ആ കെട്ടിടം പൂർണമായും ഒഴുകിപ്പോയി. ഗ്രൂപ്പ് ലീഡർ ഇഷാംഗ പ്രവീൺ ഉൾപ്പെടെ 80 പേർ എവിടെയെന്ന് അറിയില്ല. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇന്ത്യൻ, ചൈനീസ്, യു.എസ് എംബസികൾ വഴി ശ്രമിക്കുകയാണ്. സ്ഥിതി ഗുരുതരമാണെന്നും സദ്ഗുരു വ്യക്തമാക്കി.

 കാണാതായവരിൽ മുകുൾ റോയ്‌യുടെ മരുമകളും

കൊൽക്കത്ത: നേപ്പാൾ പ്രളയത്തിൽ കാണാതായവരിൽ മുൻ കേന്ദ്രമന്ത്രി മുകുൾ റോയ്‌യുടെ മരുമകൾ ശർമിഷ്ഠ ഭൗമിക് റോയ്‌യും. മുകുൾ റോയ്‌യുടെ മകനും തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എയുമായ ശുഭ്രാംശു റോയ്‌യുടെ ഭാര്യയാണ്. 25ന് രാത്രി മുതൽ ശർമിഷ്ഠയെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്ന് കുടുംബം അറിയിച്ചു. നോർത്ത് 24 പർഗാനാസിലാണ് ശർമിഷ്ഠ താമസിക്കുന്നത്. 21ന് ട്രാവൽ ഏജൻസി വഴിയാണ് നേപ്പാളിലെത്തിയത്. ഒറ്റയ്ക്കായിരുന്നു യാത്ര. കൊൽക്കത്തയിൽ നിന്ന് കൈലാസ് മാനസസരോവർ യാത്രയ്ക്കായി നേപ്പാളിലെത്തിയ 32 അംഗ സംഘത്തെക്കുറിച്ചും വിവരമൊന്നും ലഭിച്ചിട്ടില്ല.

ഭൂചലനമല്ല കാരണമെന്ന്

4.4 റിക്ടർ സ്കെയിൽ തീവ്രതയിലെ ഭൂചലനം മേഖലയിലുണ്ടായതാണ് ഹിമാനി തകരാൻ ഇടയാക്കിയതെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഭൂചലനമല്ല ഹിമാനിയുടെ തകർച്ചയ്ക്ക് കാരണമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. തകർന്നുവീണ ഭീമൻ ഹിമാനിയുടെ ഭാരം താഴ്‌വരയുടെ അടിത്തട്ടിൽ പതിച്ചപ്പോൾ 5.2 തീവ്രതയിലെ സീസ്മിക് സിഗ്നൽ രൂപപ്പെട്ടു. ഇതിനിടെ, ടിബറ്റിലെ ചൈനീസ് ഡാം തകർന്നതാണ് മിന്നൽ പ്രളയത്തിന് കാരണമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ഉണ്ടായി. ചില നേപ്പാളി ഉദ്യോഗസ്ഥരുടെ പ്രസ്താവനയാണ് കാരണം. എന്നാൽ ടിബറ്റിൽ രൂപപ്പെട്ട പ്രകൃതിദത്തമായ അണക്കെട്ടിനെയാണ് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തിയത്. ഹിമാനി പതിച്ചത് ലെൻഡെ ഖോല നദിയുടെ ടിബറ്റൻ ഭാഗത്താണ്. അപകട സൂചന ചൈന നൽകിയില്ലെന്നാണ് ഉദ്യോഗസ്ഥർ ആരോപിച്ചത്. പ്രചാരണങ്ങൾ വ്യാജമാണെന്ന് ചൈന പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360