SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.38 PM IST

സൗദിക്കെതിരെ നാവിക ഉപരോധവുമായി ഹൂതികൾ  ബാബ് അൽ മന്ദബിൽ കപ്പലുകൾ തടയും

d

റിയാദ്: ഇറാനും യു.എസും ആക്രമണം തുടരുന്നതിനിടെ,പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്ന് യെമനിലെ ഹൂതി വിമതർ. സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചു. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനേയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്ക് വഴി സൗദി കപ്പലുകൾ പോകാൻ അനുവദിക്കില്ല.

അടുത്തിടെ,​യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനാ വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണമാണ് നീക്കത്തിന് പിന്നിൽ. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഔദ്യോഗിക സർക്കാർ സേന ഏറ്റെടുത്തിരുന്നെങ്കിലും പിന്നിൽ സൗദിയാണെന്ന് ഹൂതികൾ ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച സൗദിയിലെ അഭ വിമാനത്താവളത്തിന് നേരെ ഹൂതികൾ വ്യോമാക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. 2022ലാണ് ഇറാന്റെ സഖ്യ കക്ഷികൾ കൂടിയായ ഹൂതികൾ സൗദിയെ അവസാനമായി ആക്രമിച്ചത്.

അതേസമയം,​ഹോർമുസ് കടലിടുക്കിന് പിന്നാലെ ബാബ് അൽ മന്ദബും അടയുന്നത് ആഗോള ഊർജ്ജ വിപണിയ്ക്ക് ഇരട്ടിപ്രഹരമാകും. കടലിലൂടെ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 12% കടന്നുപോകുന്നത് ഇതുവഴിയാണ്.

ഏഷ്യയിലേക്കുള്ള

വഴി അടയും


1. ഉപരോധം സൗദിക്ക് തിരിച്ചടിയാകും. ചെങ്കടൽ തീരത്തെ യാൻബുവിലേക്ക് ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ് ലൈനിൽ എത്തിക്കുന്ന എണ്ണ ഏഥൻ ഉൾക്കടൽ വഴി ഏഷ്യൻ മാർക്കറ്റുകളിലേക്ക് കൊണ്ടുപോകാനാകില്ല. ഹോർമുസ് പ്രതിസന്ധി മറികടക്കാൻ സൗദിയെ സഹായിക്കുന്നത് പൈപ്പ് ലൈനാണ്

2. ഉപരോധം മറികടന്ന് ഏഷ്യയിലേക്ക് പോകണമെങ്കിൽ സൗദി കപ്പലുകൾ ചെങ്കടലിന് വടക്ക് ഭാഗത്തേക്ക് നീങ്ങി സൂയസ് കനാൽ കടന്ന് ആഫ്രിക്കയുടെ തെക്കേ അറ്റം ചുറ്റിക്കടക്കണം. ചെലവും ദൈർഘ്യവും ഏറിയത്


വെടിനിറുത്തലിന്

ശ്രമം

ഇറാനും യു.എസും തമ്മിൽ 10 ദിവസത്തെ വെടിനിറുത്തൽ നടപ്പാക്കാൻ അറബ് രാജ്യങ്ങളുടെ ശ്രമം ശക്തം. ഇന്നലെ പുലർച്ചെയും തെക്കൻ ഇറാനിൽ യു.എസ് ആക്രമണമുണ്ടായി. ഇറാക്കിൽ തകർന്നുവീണ ഇറാനിയൻ ഡ്രോൺ നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യു.എസ് സൈനികൻ കൊല്ലപ്പെട്ടു. ഇതിനിടെ, ഇറാനിലെ ഇന്ത്യക്കാർ തെക്കൻ പ്രദേശങ്ങളിലേക്ക് പോകരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360