
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്നു നീക്കിയ സംഭവത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞ് തടിതപ്പി.
മെറ്റ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ഉള്ളടക്കങ്ങൾ തടയുന്നതിലും ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിലും സംഭവിച്ച പിഴവുകൾക്ക് മാപ്പ് പറഞ്ഞതായി കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കി. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവുമായി ഉന്നത ഉദ്യോഗസ്ഥനായ ജോയൽ കപ്ലാൻ അടക്കമുള്ള മെറ്റ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി സെക്രട്ടറി എസ്. കൃഷ്ണനുമായും സംഘം കൂടിക്കാഴ്ച നടത്തി.
പ്രവർത്തനസംബന്ധമായ പിഴവുകൾ മൂലമാണ് ചില പോരായ്മകൾ ഉണ്ടായതെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ശക്തമാക്കിയെന്നും സക്കർബർഗ് വ്യക്തമാക്കി. ചില ഉള്ളടക്കങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതു വഴി ഭീമമായ സാമ്പത്തികനേട്ടം മെറ്റ നേടിയിരുന്നു. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പരസ്യങ്ങൾക്കും ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾക്കുമെതിരേ കൂടുതൽ ശക്തമായ നിരീക്ഷണ സംവിധാനം കൊണ്ടുവരും,
സാങ്കേതിക പിഴവിനെത്തുടർന്നാണ് വീഡിയോ അപ്രത്യക്ഷമായതെന്നും ഖേദിക്കുന്നതായും നേരത്തെ മെറ്റ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നു വാർത്താവിതരണ മന്ത്രാലയം വ്യക്തമാക്കി.
മാപ്പിനു പിന്നിൽ
1 ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് യുവാക്കൾക്ക് ഉറപ്പ് നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു
2 ആ വിഷയത്തിൽ മൂന്നു ദിവസത്തിനകം മാപ്പ് പറയണമെന്ന് നേരത്തെ ബി.ജെ.പി. എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു
3 മാപ്പ് പറയാത്തപക്ഷം ഐ.ടി. നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം ലഭിക്കുന്ന സേഫ് ഹാർബർ നിയമപരിരക്ഷ പിൻവലിക്കുന്നതടക്കം കടുത്ത നടപടി സ്വീകരിക്കുമെന്നും സമിതി അന്ത്യശാസനം നൽകിയിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |