
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമ്മിക്കപ്പെടാനുള്ള സാദ്ധ്യതകൾ നിലനിൽക്കെ, അത് തടയാൻ നിയമ നിർമ്മാണം അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിൽ യു.കെ.
ജീൻ സിന്തസിസ് പോലുള്ള മേഖലകളിൽ എ.ഐയുടെ ഉപയോഗം നിയന്ത്റിക്കാനാണ് യു.കെ സർക്കാരിന്റെ പദ്ധതി. ആഗോളതലത്തിൽ കൃത്യമായ നിയന്ത്റണങ്ങൾ ഇല്ലാത്തതിനാൽ ജൈവായുധങ്ങൾ നിർമ്മിക്കാൻ എ.ഐയെ ഉപയോഗിച്ചേക്കുമെന്ന ആശങ്കയ്ക്കിടെയാണിത്. തീവ്രവാദികളോ അംഗീകാരമില്ലാത്ത ഗവേഷകരോ സിന്തറ്റിക് ഡി.എൻ.എ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമ്മിക്കുന്നത് തടയാനുള്ള വഴികളാണ് യു.കെ ആലോചിക്കുന്നത്.
ജീനോം സീക്വൻസിംഗിൽ വൈദഗ്ധ്യമുള്ളതും വലിയ ഡേറ്റാസെറ്റുകൾ ഉള്ളതുമായ അക്കാഡമിക് സ്ഥാപനങ്ങളുമായി എ.ഐ കമ്പനികൾ എത്രത്തോളം സഹകരിക്കണം എന്നതിലും, സർക്കാർ എത്രത്തോളം ഇടപെടണം എന്നതിലും അധികൃതർ ആലോചന നടത്തുന്നുണ്ട്. എ.ഐ മോഡലുകളുടെ സഹായത്തോടെ അപകടകരമായ രോഗകാരികളെ സൃഷ്ടിക്കാൻ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളുടെയും ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് യു.കെയുടെ ഈ നീക്കം.
വൈറസുകളെ ആയുധമാക്കും
ആണവായുധങ്ങളെ ലോകം ഭയത്തോടെയാണ് കാണുന്നത്. അതുപോലെ തന്നെയാണ് ജൈവായുധങ്ങളും. ജൈവായുധത്തെ ' വെപ്പൺ ഒഫ് മാസ് ഡിസ്ട്രക്ഷൻ " ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാനവരാശിയ്ക്ക് കൊടുംവിപത്തുകൾ സൃഷ്ടിക്കാൻ കഴിയുന്ന വിനാശകാരികളാണ് മാസ് ഡിസ്ട്രക്ഷൻ വെപ്പണുകൾ. രാസായുധങ്ങൾ, ആണവായുധങ്ങൾ തുടങ്ങിയവയും ഈ വിഭാഗത്തിൽപ്പെടുന്നു. ആന്ത്രാക്സ്, വസൂരി, ഡെങ്കി തുടങ്ങി അപകടകാരികളായ രോഗങ്ങൾക്ക് ഹേതുവായ വൈറസുകളും ബാക്ടീരിയകളും ജൈവായുധമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ബാക്ടീരിയ, വൈറസ് തുടങ്ങിയവ ഉപയോഗിച്ച് മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന യുദ്ധതന്ത്രമാണ് ജൈവായുധ പ്രയോഗം. അത്യന്തം അപകടകാരികളായ പല വൈറസുകളും ബാക്ടീരിയകളും ലോകത്തിന്റെ പല ഭാഗത്തുമുള്ള രഹസ്യലാബുകളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങൾ.
ശക്തമായത് രണ്ടാം ലോകമഹായുദ്ധ കാലത്ത്
രണ്ടാം ലോകമഹായുദ്ധ സമയത്താണ് ജൈവായുധ പ്രയോഗം സംബന്ധിച്ച പരീക്ഷണങ്ങൾ ശക്തമായത്. പല രാജ്യങ്ങളും രഹസ്യമായാണ് പരീക്ഷണവുമായി മുന്നോട്ട് പോയത്. ജർമ്മനി ജൈവായുധങ്ങൾ നിർമിക്കുന്നുവെന്നറിഞ്ഞപ്പോൾ അമേരിക്കയും അതിനെതിരായി പരീക്ഷണങ്ങൾ ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ചൈനയ്ക്കെതിരെ ജപ്പാൻ നടത്തിയ ജൈവായുധ പ്രയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരം.
ആയിരക്കണക്കിന് ചൈനക്കാരെ ജപ്പാന്റെ ആന്ത്രാക്സ്, പ്ലേഗ്, കോളറ തുടങ്ങിയ ജൈവായുധങ്ങൾ കൊന്നൊടുക്കിയതായി പറയപ്പെടുന്നു. നിലവിൽ അന്താരാഷ്ട്രതലത്തിൽ ജൈവായുധങ്ങളുടെ ഉപയോഗം കർശനമായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. ജൈവായുധ പ്രയോഗം കുറ്റകൃത്യമാണ്. എന്നാൽ, ഇവ സംബന്ധിച്ച രഹസ്യ ഗവേഷണങ്ങൾ റഷ്യ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |