SignIn
Kerala Kaumudi Online
Monday, 17 August 2026 10.23 AM IST

പിരിച്ചുവിട്ടത് 900 ജീവനക്കാരെ: ഇന്ത്യൻ വംശജനായ സി.ഇ.ഒയെ പുറത്താക്കി സ്വന്തം കമ്പനി

f

ന്യൂയോർക്ക്: ഒറ്റയടിക്ക് സൂം കോൾ വഴി 900 ജീവനക്കാരെ പിരിച്ചുവിട്ട് വിവാദം സൃഷ്ടിച്ച ഇന്ത്യൻ വംശജനായ സി.ഇ.ഒയെ പദവിയിൽ നിന്ന് നീക്കി കമ്പനി. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ടെക്നോളജി കമ്പനി ബെറ്റർ ഹോം ആൻഡ് ഫിനാൻസിന്റെ സ്ഥാപകരിൽ ഒരാൾ കൂടിയായ വിശാൽ ഗാർഗിനാണ് പദവി നഷ്ടമായത്.

വിശാലിന്റെ തീരുമാനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കമ്പനിയുടെ ഡയറക്ടർ ബോർഡ് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. വിശാൽ കമ്പനിയെ വൻ നഷ്ടത്തിലാക്കിയെന്നും ഇത് നിക്ഷേപകരെ ബാധിച്ചെന്നും പറയുന്നു. ഡയറക്ടർമാരിൽ ഒരാളായ ഡാനിയൽ ലൂയിസിനെ ഇടക്കാല സി.ഇ.ഒ ആയി നിയമിച്ചു.

# ചതിച്ചെന്ന് വിശാൽ

ഡാനിയൽ തന്നെ ചതിച്ചതാണെന്നും നിയമപോരാട്ടത്തിലൂടെ പദവി തിരിച്ചുപിടിക്കുമെന്നും വിശാൽ പ്രതികരിച്ചു. കമ്പനി ലാഭത്തിലാകും വരെ പ്രതിവർഷം വെറും ഒരു ഡോളർ ശമ്പളത്തിൽ ജോലി ചെയ്തെന്നും പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗത്വം ഇപ്പോഴും വിശാലിനുണ്ട്. 2021 ഡിസംബറിലാണ് കമ്പനിയുടെ 15 ശതമാനം ജീവനക്കാരെ സൂം പ്ലാറ്റ്ഫോമിൽ വെറും നാല് മിനിറ്റ് കോളിലൂടെ വിശാൽ അപ്രതീക്ഷിതമായി പിരിച്ചുവിട്ടത്. പിന്നാലെ ഇയാൾക്ക് കീഴിൽ ജീവനക്കാർ കടുത്ത സമ്മർദ്ദം നേരിട്ടിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. വിവാദമായതോടെ മാപ്പ് പറഞ്ഞ വിശാൽ,​ കുറച്ചുനാൾ നിർബന്ധിത അവധിയിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360