
വാഷിംഗ്ടൺ: യു.എസ് സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഇറാൻ വഴങ്ങാതെ തുടരുന്നതിനിടെ, ഒമാന് നേരെ തിരിഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള യു.എസ് - ഇറാൻ കരാറിന് ഒമാൻ തടസം നിന്നാൽ, ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി.
ഹോർമുസ് തുറക്കാൻ ഇറാനും ഒമാനും സമാന്തര ഉഭയകക്ഷി ചർച്ച നടത്തുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ജൂൺ 18ന് യു.എസും ഇറാനും യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല സമാധാന കരാറിലേർപ്പെട്ടിരുന്നു. 60 ദിവസം വെടിനിറുത്തൽ നടപ്പാക്കി അതിനുള്ളിൽ അന്തിമ കരാറിലെത്താനായിരുന്നു ധാരണ. 60 ദിവസത്തെ സമയപരിധി ഇന്നലെ അവസാനിച്ചു. ഇതും ട്രംപിന്റെ രോഷത്തിന് പിന്നിലുണ്ട്.
അതേസമയം, വെടിനിറുത്തൽ ലംഘിച്ച് കഴിഞ്ഞ മാസം ഏറ്റുമുട്ടിയതോടെ കരാർ ഫലത്തിൽ തകർന്നു. പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. അതിനാൽ സമയപരിധി അവസാനിക്കുന്നതിന് കാര്യമായ പ്രസക്തിയില്ല. ഹോർമുസിൽ ഇറാനുമായി സഹകരിച്ചാൽ ഒമാനിൽ ബോംബിടുമെന്ന് മേയിലും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
# ചൊടിപ്പിച്ചത്
ഇറാൻ - ഒമാൻ കരാർ
1. ഹോർമുസ് തുറക്കാൻ ഒമാനുമായുള്ള കരാറിന് തത്വത്തിൽ ധാരണയായെന്ന് ഇറാൻ. ഒപ്പിട്ടാൽ ഇറാനും ഒമാനും ഹോർമുസിന്റെ നിയന്ത്രണം പങ്കിടും. ഹോർമുസിന്റെ പേരിൽ യു.എസ് നടത്തുന്ന ഇടപെടലുകളെ അപ്രസക്തമാക്കുകയാണ് ഇറാന്റെ ലക്ഷ്യം
2. ഹോർമുസിൽ യു.എസിന്റെ നാവിക ഉപരോധം നിലവിലുണ്ട്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ കപ്പലുകളെ അനുവദിക്കില്ല. ഹോർമുസിന് മേൽ തങ്ങളുടെ പൂർണ നിയന്ത്രണമെന്ന് ട്രംപിന്റെ വാദം. ഇറാനുമായുള്ള കരാറിലൂടെ ഒമാൻ തങ്ങളെ വെല്ലുവിളിക്കുന്നതായി യു.എസ് കണക്കാക്കും
# യു.എസ് സൈനികരുടെ
തലയ്‌ക്ക് വിലയിട്ട് ഇറാൻ
യു.എസ് സൈനികരെ കൊല്ലുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (28,68,237 രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. സ്ത്രീകളാണ് കൃത്യം നിർവഹിക്കുന്നതെങ്കിൽ 60,000 ഡോളർ (57,36,243 രൂപ) നൽകുമെന്നും അവകാശപ്പെട്ടു.
# ഇറാൻ കീഴടങ്ങണം. അവർ ആണവായുധം കൈവശപ്പെടുത്താൻ അനുവദിക്കില്ല. സമാധാന കരാറിലെത്താൻ തനിക്ക് തിടുക്കമില്ല.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |