കൊച്ചി: കഠിനപരിശീലനത്തിലാണ് ഓഷോ ജിമ്മിയെന്ന ഇരുപത്തഞ്ചുകാരി. വനിതകളുടെ ശരീരസൗന്ദര്യ മത്സരത്തിൽ ലോകകിരീടമാണ് ലക്ഷ്യം. അതിന്റെ ചവിട്ടുപടി കഴിഞ്ഞവർഷങ്ങളിലെ നേട്ടങ്ങളും. ബോഡി ബിൽഡിംഗിൽ അന്തർദ്ദേശീയ ചാമ്പ്യനായ ആദ്യ മലയാളി വനിതയാണ് കൊച്ചി സ്വദേശിയായ ഓഷോ.
അമേച്വർ ഒളിമ്പിയ കിരീടം, ഷേരു ക്ലാസിക് അവാർഡ് (2024), ബെസ്റ്റ് ബിക്‌നി ഫിറ്റ്നസ് മോഡൽ (2023) തുടങ്ങിയവയാണ് നേട്ടങ്ങൾ. ലോകകിരീടത്തിനായുള്ള 'ഒളിമ്പിയ"യിൽ പങ്കെടുക്കാനുള്ള യോഗ്യത കൂടിയാണിത്. ലോകമത്സരം ഈ വർഷാവസാനം യു.എസിലായിരിക്കും. നോബിൻ, റയാൻ ഹിന്റൺ (യു.എസ്)എന്നിവരാണ് ഓഷോയുടെ പരിശീലകർ.
പ്ലസ്‌വൺ പഠനകാലത്തെ യാദൃച്ഛിക സംഭവമാണ് വഴിത്തിരിവായത്. പിന്നാലേ നടന്ന് ശല്യപ്പെടുത്തിയ പൂവാലനെ ഒന്നു പൊട്ടിച്ചായിരുന്നു തുടക്കം. ഇതുകണ്ട അദ്ധ്യാപികയുടെ പ്രേരണയിൽ ബോക്സിംഗിന് ചേർന്നു. ഏഴ് വർഷം മുമ്പ് ബോഡി ബിൽഡിംഗിലും അങ്കം തുടങ്ങി. തുടക്കത്തിൽ എതിർപ്പുകൾ നേരിട്ടെങ്കിലും അംഗീകാരങ്ങളിലൂടെ ഇതെല്ലാം അതിജീവിച്ചു. ഹൈബി ഈഡൻ എം.പി, ഹുമയൂൺ കള്ളിയത്ത് എന്നിവരാണ് വഴികാട്ടികൾ. സ്കൂൾ തലത്തിൽ ജാവലിൻ, ഡിസ്കസ് ത്രോ മത്സരങ്ങളിലടക്കം ഓഷോ പങ്കെടുത്തിട്ടുണ്ട്. അഡ്വഞ്ചർ സ്പോർട്സ് താരം, ക്ലാസിക്കൽ ഡാൻസർ, മോഡൽ, നീന്തൽതാരം എന്നീ നിലകളിലും തിളങ്ങുന്നു. ലെവൽ-5 ജിം ട്രെയ്‌നർ കൂടിയായ ഓഷോ വിദേശികളടക്കം 380 പേരെ ഓൺലൈനായി പരിശീലിപ്പിക്കുന്നുണ്ട്.
പേരിട്ടത് ഗിരീഷ് പുത്തഞ്ചേരി
കാക്കനാട് കട്ടിക്കനാൽ ജിമ്മി കെ. ആന്റണിയുടെ മകളാണ് ഓഷോ. പിതാവും സഹോദരൻ സോളമനും സിനിമാരംഗത്താണ്. അമ്മ സലീന. ജിമ്മിയുടെ സുഹൃത്തായിരുന്നു ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് 'ഓഷോ' എന്ന പേരിട്ടത്.
അഞ്ച് നേരം ആഹാരം
ദിവസം രണ്ടരമണിക്കൂർ ഇടവിട്ട് മിതമായ അളവിലാണ് ആഹാരം. ചിക്കൻ ഇനങ്ങളാകും കൂടുതൽ. മധുരം പണ്ടേ ഉപേക്ഷിച്ചു. മത്സരത്തിനൊരുങ്ങുമ്പോൾ ഉപ്പും നിറുത്തും. കുടിവെള്ളത്തിനും നിയന്ത്രണമുണ്ട്. ശരീരഭാരം 56 കിലോയിൽ നിലനിറുത്തും. തൃക്കാക്കരയിലെ ട്രാൻസ്‌ഫോമേഴ്സ് ഫിറ്റ്നസ് സെന്ററിലടക്കമാണ് കോച്ചിംഗ് നടത്തുന്നത്.
ഡയറ്റിനും വ്യായാമത്തിനും
ദിവസച്ചെലവ്: 2000 രൂപ
മത്സര തയ്യാറെടുപ്പിന് (മൂന്ന് മാസം): 4 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |