SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

നെറി കെട്ട രണ്ട് തീരുമാനങ്ങൾ

a

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചില അവസരങ്ങളിൽ കൈക്കൊള്ളുന്ന ചില തീരുമാനങ്ങൾ തീരെ യുക്തിയില്ലാത്തതും ഉൾക്കൊള്ളാൻ വിഷമമുള്ളതുമായിരിക്കും. ഉദാഹരണത്തിന്, കേന്ദ്രം ഈയിടെ കൈക്കൊണ്ട പെൻഷനുമായി ബന്ധപ്പെട്ട ഒരു തീരുമാനം ജീവനക്കാരെ ദ്രോഹിക്കുന്നതാണ്. അതുപോലെ കേരളത്തിലേക്കു വന്നാൽ, ആശ്രിത നിയമന മാനദണ്ഡത്തിൽ വരുത്തിയ മാറ്റം എത്രകണ്ട് ദ്രോഹകരമാണെന്ന് ഇതു സംബന്ധിച്ച ഉത്തരവു വായിച്ചാൽ ആർക്കും ബോദ്ധ്യമാകും. ആശ്രിത നിയമനത്തിന് അർഹത നേടണമെങ്കിൽ ജീവനക്കാരുടെ മക്കൾക്ക് കുറഞ്ഞത് പതിമൂന്നു വയസ് തികയണമെന്നാണ് പുതിയ ഭേദഗതി. ഇതിൽ പതിമൂന്നിന്റെ പ്രസക്തി എത്ര ആലോചിച്ചാലും മനസിലാകുന്നില്ല.

രാജ്യത്ത് പ്രായപൂർത്തി വോട്ടവകാശത്തിന് പ്രായം പതിനെട്ട് വയസാണ്. നേരത്തെ ഇത് 21 ആയിരുന്നു. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇതിനകം പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത് യുക്തിരഹിതവും നിയമനം കാത്തിരിക്കുന്ന അനേകം പേരെ ശരിക്കും വെട്ടിലാക്കുന്നതുമാണ്. സർക്കാരിന് നിയമം നിർമ്മിക്കാനും നിലവിലുള്ള ഏതു നിയമവും എടുത്തുകളയാനും അവകാശമുണ്ട് എന്നത് നേരുതന്നെ. എന്നാൽ, വർഷങ്ങളോളം പ്രാബല്യത്തിലിരിക്കുന്ന ഒരു നിയമത്തിൽ വരുത്തുന്ന ഏതു മാറ്റവും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം. അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ ഭേദഗതി ജീവനക്കാരുടെ താല്പര്യത്തിന് ചേർന്നതല്ലെന്നു പറയേണ്ടി വരും. ബിൽ നിയമസഭയിൽ കൊണ്ടുവന്നപ്പോൾ പ്രതിപക്ഷം പോലും അതിനെ എതിർക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

ഇനി കേന്ദ്രത്തിന്റെ ചതിയിലേക്കു വരാം. ശമ്പള കമ്മിഷൻ ആനുകൂല്യങ്ങൾ നടപ്പിലാക്കുമ്പോൾ പഴയ പെൻഷൻകാർ പുതിയ ആനുകൂല്യങ്ങളിൽ നിന്ന് പുറത്താകുമെന്ന വിചിത്രമായ തീരുമാനം എടുത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുവരെ വിരമിച്ച എല്ലാ ജീവനക്കാർക്കും ഒരേ നിരക്കിൽ പെൻഷൻ നൽകുകയായിരുന്നു പതിവ്. റിട്ടയർ ചെയ്ത ലക്ഷക്കണക്കിന് കേന്ദ്രജീവനക്കാരാണ് പുതിയ മാറ്റം മൂലം കഷ്ടത്തിലാകാൻ പോകുന്നത്. ജീവനക്കാരുടെ സംഘടനകളുമായി ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ചപോലും നടത്താതെയാണ് കേന്ദ്രം ഈ രണ്ടുംകെട്ട നടപടിക്കൊരുങ്ങുന്നത്. പുതിയ ശമ്പളകമ്മിഷൻ റിപ്പോർട്ടിനായി രാജ്യം കാത്തിരിക്കവെ, പെൻഷൻ വിതരണത്തിൽ ഇതുപോലെ മാറ്റം വരുത്തുന്നതിനെ ജീവനക്കാർ എങ്ങനെ കാണുന്നുവെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. തീർച്ചയായും അത് സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നതായിരിക്കും എന്നതിൽ തർക്കമില്ല. കേന്ദ്രത്തിൽ ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളതുകൊണ്ട് എന്തു മാറ്റവും ആകാമെന്ന ഹുങ്കാണ് ഈ തീരുമാനത്തിനു പിന്നിൽ. ജീവനക്കാരുടെ ഐക്യത്തിനു മുന്നിൽ ഈ നിലപാട് പിന്നീട് മാറ്റേണ്ടിവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY