SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.20 AM IST

മ്യാൻമറിനെ  തകർത്ത് ഭൂകമ്പം : മരണം 1000 കടന്നേക്കും , സ്ഥിരീകരിച്ചത് 144

earthquake

തായ്ല‌ൻഡിലും മരണം
ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നു

നെയ്‌പിഡോ: മ്യാൻമറിലും തായ് ലൻഡിലും അതിശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്ന് നൂറുകണക്കിന് ആൾക്കാർക്ക് ജീവഹാനി. മ്യാൻമറിൽ 140 പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും ആയിരത്തിലേറെപ്പേർ ഇരയായെന്നാണ് സൂചന. തായ് ലൻഡിൽ പത്തിൽതാഴെ മരണമാണ് സ്ഥിരീകരിച്ചത്.

മ്യാൻമറിൽ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ബഹുഭൂരിപക്ഷവും. പരിക്കേറ്റ എണ്ണൂറാേളംപേരെ രക്ഷിച്ചു. തലസ്ഥാനത്തെ ആയിരം കിടക്കകളുള്ള ആശുപത്രിയിൽ 20 പേർ മരിച്ചു. രാജ്യത്ത് പട്ടാള ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മ്യാൻമറിലെ അഞ്ച് നഗരങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. കെട്ടിടങ്ങളും പാലങ്ങളും ആരാധനാലയങ്ങളും തകർന്നു. വൈദ്യുതിയും ഇന്റർനെറ്റും തടസപ്പെട്ടതോടെ രാജ്യം ഏറെക്കുറെ ഒറ്റപ്പെട്ടു. ബുദ്ധമത വിശ്വാസികളുടെ ഹൃദയ ഭൂമിയായ മണ്ഡലൈയിൽ പുരാതന കൊട്ടാരത്തിന്റെ മതിൽ തകർന്നു. യാങ്കോൺ-മണ്ഡലൈ എക്‌സ്‌പ്രസ് വേയിൽ രണ്ട് പാലങ്ങൾ തകർന്നതോടെ ഗതാഗതം നിശ്ചലമായി.

ഇന്ത്യക്കാർ അടക്കം നിരവധി ടൂറിസ്റ്റുകൾ എത്തുന്ന തായ് ലൻഡിലെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഭൂകമ്പം നാശം വിതച്ചത്. നിർമ്മാണത്തിലിരുന്ന 30 നില കെട്ടിടം തകർന്ന് 81 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്.

ജനങ്ങൾ പരിഭ്രാന്തരായി തെരുവിലൂടെ ഓടി. ആഡംബര ഹോട്ടലിന്റെ മുകളിലെ എലവേറ്റഡ് പൂളിൽ നിന്ന് വെള്ളം കുത്തനെ താഴേക്ക് പ്രവഹിച്ചു. ടൂറിസ്റ്റുകൾ പ്രാണരക്ഷാർത്ഥം പുറത്തേക്കോടി.

മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലൈയ്ക്ക് സമീപമുണ്ടായ ഭൂകമ്പം അയൽ രാജ്യമായ തായ്‌ലൻഡിനെയും വിറപ്പിക്കുകയായിരുന്നു.

ഇന്ത്യ, ചൈന, വിയറ്റ്നാം, ലാവോസ്, മലേഷ്യ (പെനാംഗ്, കേദ, കെലാന്റൻ) എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ആൾനാശമോ മറ്റു കേടുപാടുകളോ സംഭവിച്ചില്ല.

ഇന്ത്യയിലും പ്രകമ്പനം

തുടർചലനങ്ങൾ ഡൽഹിയിലും നോയിഡയിലും പശ്‌ചിമ ബംഗാളിലെ കൊൽക്കത്ത, മണിപ്പൂരിലെ ഇംഫാൽ നഗരങ്ങളിലും അനുഭവപ്പെട്ടു.ആളപായം ഇല്ല. കൊൽക്കത്തയിൽ ഭിത്തിയിൽ തൂക്കിയിട്ട ഫോട്ടോകൾ ആടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. ഇംഫാലിൽ, പഴയ ബഹുനില കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന തങ്കൽ ബസാറിലായിരുന്നു ഭൂചലനം .ഉത്തർപ്രദേശിലെ മഥുര, ആഗ്ര, മീററ്റ്, സഹാരൻപൂർ, മൊറാബാദ് മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

റിക്ടർ സ്കെയിൽ

തീവ്രത -7.7
പ്രഭവ കേന്ദ്രം -

മ്യാൻമറിലെ മണ്ഡലൈ നഗരത്തിൽ നിന്ന് 17.2 കിലോമീറ്റർ അകലെ, ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിൽ

രാവിലെ 11.50:

ഇന്ത്യൻ സമയം

ഉച്ചയ്ക്ക് 12.50:

പ്രാദേശിക സമയം

-------------------------------


`സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ബന്ധപ്പെട്ട അധികാരികളോട് സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. '

-പ്രധാനമന്ത്രി നരേന്ദ്രമോദി

(എക്‌സിൽ കുറിച്ചത്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, EARTHQUAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360