SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.20 AM IST

മനുഷ്യജീവൻ തേടി...

pic

ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തിന് മീതെ സൂര്യൻ അസ്തമിക്കുമ്പോഴും മനുഷ്യജീവനായി ഒരുകൂട്ടം മനുഷ്യർ തെരച്ചിൽ നടത്തുകയായിരുന്നു. സെക്കൻഡുകൾ കൊണ്ടാണ് നഗരത്തിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരുന്ന 30 നില കെട്ടിടം തകർന്നു തരിപ്പണമായത്. ലഭ്യമായ വിവര പ്രകാരം 81 പേരാണ് അവശിഷ്ടങ്ങൾക്കിടെയിലുള്ളയത്. ഇതിൽ എത്ര പേരെ ജീവനോടെ പുറത്തെടുക്കാനാവുമെന്ന ആശങ്കയിലാണ് അധികൃതർ. എമർജൻസി സോണായി പ്രഖ്യാപിച്ച ഈ മേഖലയ്ക്ക് പുറത്ത് നിർമ്മാണ തൊഴിലാളികളുടെ ബന്ധുക്കൾ നെഞ്ചുപൊട്ടി നിലവിളിക്കുന്ന കാഴ്ചയാണ്. പുകയും പൊടിയും നിറഞ്ഞ് അന്തരീക്ഷമാകെ ചുവപ്പ് കലർന്നിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഏകദേശം മൂന്ന് നില കെട്ടിടത്തിന്റെ അത്ര ഉയരത്തിൽ കുന്നുകൂടിയിരുന്നു. കമ്പിയും ലോഹക്കഷണങ്ങളും എങ്ങും നിറഞ്ഞിരുന്നു. വളരെ വൈദഗ്ദ്ധ്യമുള്ള രക്ഷാ പ്രവർത്തകരും മിലിട്ടറി ടീമും സ്ഥലത്തെത്തിയെങ്കിലും പലരും മരിച്ചിരിക്കാമെന്നാണ് നിഗമനം.

നാഷണൽ ഓഡിറ്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടം മൂന്ന് വർഷം മുന്നേയാണ് നിർമ്മാണം തുടങ്ങിയത്. 200 കോടി തായ് ബാട്ടിലേറെയാണ് (45 മില്യൺ പൗണ്ട് ) ചെലവിട്ടത്. ഇപ്പോൾ എല്ലാം അവശിഷ്ടമായി മാറിയിരിക്കുന്നു. ഭീമൻ ക്രെയിനുകൾ അടക്കം ഹെവി മെഷീനുകൾ എത്തിച്ച് അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമത്തിലായിരുന്നു രക്ഷാപ്രവർത്തകർ ഇന്നലെ രാത്രി മുഴുവനും. കുടുങ്ങിക്കിടക്കുന്നവരിൽ മ്യാൻമർ പൗരന്മാരുമുണ്ടെന്നാണ് വിവരം.

 തകർന്നതിൽ ഏറെയും നിർമ്മാണത്തിൽ ഇരുന്നവ

തായ്‌ലൻഡിലെ ബാങ്കോക്കിൽ തകർന്ന കെട്ടിടങ്ങളിൽ ഭൂരിഭാഗവും നിർമ്മാണത്തിൽ ഇരുന്നവയാണെന്ന് സൈന്യം അറിയിച്ചു. പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്രയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തി. ഭൂകമ്പ സമയം ഫുകറ്റിലെ ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഷിനവത്ര. ബാങ്കോക്കിന് പുറമേ വടക്കൻ നഗരമായ ചിയാംഗ് മേയിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

വിറച്ച് മ്യാൻമറിന്റെ സാംസ്കാരിക തലസ്ഥാനം

മ്യാൻമറിന്റെ സാംസ്കാരികവും മതപരവുമായ തലസ്ഥാനമായാണ് മണ്ഡലൈ. മണ്ഡലൈ നഗരത്തിൽ നിന്ന് 17.2 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഏകദേശം 10 ലക്ഷം പേർ മണ്ഡലൈയിൽ ജീവിക്കുന്നു. ബുദ്ധവിഹാരങ്ങളും ഒരിക്കൽ ബർമീസ് രാജാക്കൻമാർ ഭരിച്ചിരുന്ന വിശാലമായ കൊട്ടാരവും ഇവിടെയുണ്ട്. ഭൂകമ്പത്തിന് പിന്നാലെ ആശയവിനിമയ സംവിധാനങ്ങൾ താറുമാറായതോടെ ഇവിടുത്തെ നാശനഷ്ടത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും വ്യക്തമല്ല. ഇരാവതി നദിക്കരയിലുള്ള മണ്ഡലൈ ബുദ്ധമത ആരാധനാലയങ്ങൾക്കും പ്രസിദ്ധമാണ്. ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് മ്യാൻമർ (അന്ന് ബർമ്മ)​ ഭരിച്ചിരുന്ന രാജാക്കൻമാരുടെ വാസം ഇവിടുത്തെ കൊട്ടാരത്തിലായിരുന്നു. രാജകീയ തലസ്ഥാനമെന്നാണ് മണ്ഡലൈ അറിയപ്പെട്ടിരുന്നത്. കൊട്ടാരത്തിന്റെ മതിൽക്കെട്ടിന്റെ ഒരു ഭാഗം ഭൂകമ്പത്തിൽ തകർന്നിട്ടുണ്ട്. ഇന്ന് പ്രധാന ലോജിസ്റ്റിക്സ്,​ബിസിനസ് ഹബ് കൂടിയാണ് ഇവിടം. പട്ടാള ഭരണകൂടവും ജനാധിപത്യ അനുകൂലികളായ വിമതരും തമ്മിലെ ഏറ്റുമുട്ടലുകൾക്കും കഴി‌ഞ്ഞ ഏതാനും വർഷങ്ങളായി മണ്ഡലൈ സാക്ഷിയാകുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇവിടുത്തെ ചൈനീസ് കോൺസുലേറ്റ് ആക്രമിക്കപ്പെട്ടിരുന്നു.

 മ്യാൻമറിനെ വിട്ടൊഴിയാതെ ദുരിതം

ഭൂകമ്പത്തിന് മുന്നേ തന്നെ മ്യാൻമറിലെ മാനുഷിക സാഹചര്യങ്ങൾ ദുരിതപൂർണമായിരുന്നു. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച സാഗൈംഗ് മേഖല ആഭ്യന്തര യുദ്ധത്തിന്റെ പ്രധാന വേദികളിലൊന്നാണ്. പട്ടാള ഭരണകൂടത്തെ പുറത്താക്കാൻ ശ്രമിക്കുന്ന ജനാധിപത്യ അനുകൂല സേനകളുടെ ശക്തികേന്ദ്രമാണ് ഇവിടം. 2021 ഫെബ്രുവരിയിലാണ് സൈന്യം മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിയെ പുറത്താക്കിയത്. അധികാരം പിടിച്ചെടുത്ത സൈന്യം സൂചിയെ തടവിലാക്കി. ആഭ്യന്തര യുദ്ധം മൂലം ഏകദേശം 35 ലക്ഷം ജനങ്ങൾക്ക് അവരുടെ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നെന്നാണ് കണക്ക്. ദാരിദ്ര്യം അപകടകരമായ നിലയിലെത്തി. മ്യാൻമറിലെ 2 കോടി ജനങ്ങൾക്ക് ഈ വർഷം സഹായം ലഭിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. പട്ടാള അട്ടിമറിക്ക് ശേഷം പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ് മ്യാൻമർ. സ്വതന്ത്ര മാദ്ധ്യമങ്ങൾ നിരോധിക്കപ്പെട്ടു. അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിനും നിയന്ത്രണമുണ്ട്. യു.എസിൽ നിന്നുള്ള വിദേശ സഹായവും നിലച്ചു. ഗുണനിലവാരം കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പില്ലാത്ത കെട്ടിടങ്ങളുമുള്ള മ്യാൻമറിൽ ഭൂകമ്പം എത്രത്തോളം ഭീകരത സൃഷ്ടിച്ചെന്നറിയാൻ ദിവസങ്ങൾ വേണ്ടിവന്നേക്കാം.

 തകർന്നടിഞ്ഞ് റോഡുകൾ

മ്യാൻമറിന്റെ തലസ്ഥാനമായ നെയ്‌പിഡോയിലും ഭൂകമ്പം കനത്ത നാശം വിതച്ചു. 90ലേറെ മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. നെയ്‌പിഡോയിലെ തകർന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു. നെയ്‌പിഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവർ തകർന്ന് 6 പേർ മരിച്ചു. നൂറുകണക്കിന് വീടുകളും തകർന്നു. മിലിട്ടറി ആസ്ഥാനം, പാർലമെന്റ് കെട്ടിടങ്ങൾ, ഔദ്യോഗിക വസതികൾ എന്നിവയ്ക്കും കാര്യമായ കേടുപാടുണ്ട്. തൊഴിൽ മന്ത്രാലയ സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും കെട്ടിടം തകർന്ന് മരിച്ചവരിൽ ഉൾപ്പെടുന്നു.

 ഭൂചലനങ്ങൾ കൂടുതൽ

മ്യാൻമറിൽ ഭൂചലനങ്ങൾ താരതമ്യേന കൂടുതലാണ്. 1930നും 1956നും ഇടയിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രതയുള്ള ആറ് ഭൂചലനങ്ങൾ രാജ്യത്തുണ്ടായി. 2011ൽ ഷാൻ സംസ്ഥാനത്തുണ്ടായ ഭൂകമ്പത്തിൽ 151 പേർ കൊല്ലപ്പെട്ടു. മ്യാൻമറിൽ ഒടുവിലായി ഏറ്റവും കൂടുതൽ ആൾനാശത്തിന് കാരണമായ ഭൂകമ്പം ഇതായിരുന്നു. അതേ സമയം, തായ്‌ലൻഡ് ഭൂകമ്പ സാദ്ധ്യതാ മേഖലയിൽ അല്ല. അതിനാൽ തായ്‌ലൻഡിലെ കെട്ടിടങ്ങൾ ശക്തമായ ഭൂകമ്പത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ രൂപകല്പന ചെയ്തവയല്ല.

 ആവ പാലം തകർന്നു

ഭൂകമ്പത്തിൽ ഭാഗികമായി തകർന്ന് മ്യാൻമറിലെ ഇരാവതി നദിക്ക് കുറുകേയുള്ള പ്രശസ്തമായ ആവ പാലം. ആവ പട്ടണത്തെയും സാഗൈംഗ് മേഖലയേയും ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകർന്നുവീഴുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 1934ൽ ബ്രിട്ടീഷുകാരാണ് ഈ പാലം നിർമ്മിച്ചത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സൈന്യം ഈ പാലം തകർത്തിരുന്നു. പിന്നീട് മ്യാൻമർ സ്വാതന്ത്ര്യം നേടിയ ശേഷം 1954ൽ പാലം പുതുക്കിപ്പണിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360