SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.02 PM IST

അനധികൃത പ്ളാസ്റ്റിക് സംഭരണ ഗോഡൗണിന് തീപിടിച്ചു അത്ഭുതകരമായി രക്ഷപ്പെട്ട് എട്ട് കുടുംബങ്ങൾ

fire-photo-one

പറവൂർ: വെടിമറ ജാറപ്പടിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മൂൺ സ്റ്റാ‌ർ പ്ളാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തീപടർന്നത്. ഗോഡൗണിനോട് ചേർന്നുള്ള ഷെഡുകളിൽ താമസിച്ചിരുന്നവ‌ർ തീപിടിത്തമുണ്ടായപ്പോൾ തന്നെ ഉണർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. ഗോഡൗണിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനക്കാരായ എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. പറവൂർ, ആലുവ, അങ്കമാലി, ഗാന്ധിനഗർ, ഏലൂർ, മാള എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകൾ നേരം വെളുക്കുന്നതുവരെയുള്ള പരിശ്രമത്തിലാണ് തീ ഭാഗികമായെങ്കിലും അണയ്ക്കാൻ സാധിച്ചത്. പ്ളാസ്റ്റിക് വസ്തുക്കൾ പൂർണമായും അണയാത്തിനാൽ വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും തീപടർന്നു. പറവൂർ, വൈപ്പിൻ, ഏലൂർ, അങ്കമാലി എന്നിവടങ്ങളിൽ നിന്ന് വീണ്ടും ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയും തീ പൂർണമായും അണഞ്ഞിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പ്ളാസ്റ്റിക് വസ്തുക്കൾ കത്തിയതോടെ സമീപത്തുള്ളവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. സമീപത്തുള്ളവർക്കൊന്നും രാത്രിയിൽ ഉറങ്ങാനായില്ല. പലരും വീടുകളിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറി. ഇന്നലെ വൈകിട്ട് തീ അണയ്ക്കുന്നതിനിടെ വൈപ്പിൻ ഫയർസ്റ്റേഷനിലെ ഫയർമാൻ സുധീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പറവൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

തീ ആളിക്കത്തിച്ച് കെമിക്കലുകൾ

പറവൂർ മൂഞ്ഞേലി ലിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. കമ്പനികളിൽ കെമിക്കൽ വരുന്ന വലിയ പ്ളാസ്റ്റിക് ടാങ്കുകളടക്കം റീസൈക്കിൾ ചെയ്ത് വൃത്തിയാക്കി മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജോലികളാണ് ഗോഡൗണിൽ നടന്നിരുന്നത്. ടാങ്കുകളിൽ കെമിക്കലുകളുടെ അംശം ഉണ്ടായിരുന്നതിനാൽ തീ കൂടുതൽ പടരാൻ കാരണമായി. ടാങ്കുകൾ ഗോഡൗണിന് സമീപത്ത് കൂട്ടിയിട്ടിരുന്നത് തീയണക്കുന്നതിന് തടസമായി. ജനവാസകേന്ദത്തിൽ ഗോഡൗൺ പ്രവർത്തിക്കുന്നതിനെതിരെ നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് അനധികൃമായി നിർമ്മിച്ച ഭാഗങ്ങൾ പൊളിച്ചുമാറ്റാൻ ചിറ്റാറ്റുകര പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ലിജുവിന്റെ തന്നെ ഉടമസ്ഥതയിൽ തത്തപ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന ഇത്തരത്തിലുള്ള ഗോഡൗൺ രണ്ട് വർഷം മുമ്പ് തീപിടിച്ച് നശിച്ചിരുന്നു. ഇതിന് ശേഷമാണ് ഇവിടെ പ്രവർത്തനം തുടങ്ങിയത്.

ലൈസൻസില്ലാതെ ഗോഡൗണുകൾ

ജനവാസകേന്ദ്രത്തിലുള്ള നിരവധി ഗോഡൗണുകൾ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം. ഓഫീസും അനുബന്ധ പ്രവർത്തനത്തിനും മാത്രമാണ് പല ഗോഡൗണുകൾക്കും ലൈസൻസുള്ളത്. വലിയ കടകൾക്കും ഗോഡൗണുകൾക്കും ഫയർഫോഴ്സിന്റെ എൻ.ഒ.സി വേണം. ഇതൊന്നും തദ്ദേശസ്ഥാപനങ്ങൾ പരിശോധിച്ച് നടപടിയെടുക്കുന്നില്ല. കഴിഞ്ഞ 10ന് കൂനമ്മാവ് കാവിൽനടയിലുള്ള നിലമ്പൂർ ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചിരുന്നു. ഈ സ്ഥാപനത്തിനും ഗോഡൗൺ പ്രവർത്തിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.

ഓഫീസ് പ്രവർത്തിക്കാൻ മാത്രമാണ് ലൈസൻസുള്ളത്. അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാൻ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്

ശാന്തിനി ഗോപകുമാർ

പ്രസിഡന്റ്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL