SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.49 AM IST

യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്കയും ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകും, ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി

d

ടെഹ്റാൻ : ഇസ്രയേലിനൊപ്പം അമേരിക്കയും സൈനിക നടപടിയിൽ ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ മുന്നറിയിപ്പ്. അമേരിക്ക ഇസ്രയേലിനൊപ്പം ചേരുന്നത് ഇസ്രയേൽ ദുർബലമായതു കൊണ്ടാണെന്നും ഖമനേയി വിമർശിച്ചു. ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും രാജ്യത്തോട് നടത്തിയ പ്രത്യേക അഭിസംബോധനയിൽ ഖമനേയി വ്യക്തമാക്കി. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് ഖമനേയിയുടെ പ്രസ്താവന.

ഏതൊരു വിധത്തിലുള്ള ഭീഷണിക്കും ആജ്ഞകൾക്കും മുന്നിൽ ഇറാൻ വഴങ്ങില്ല. ഇസ്രയേലിനെ സഹായിക്കാനുള്ള സൈനിക ഇടപെടൽ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാൽ അമേരിക്കക്കാർക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവയ്ക്കും. വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്നും ഖമനേയി കൂട്ടിച്ചേർത്തു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും അയത്തുള്ള ഖമനേയി എവിടെയാണെന്ന് വ്യക്തമായി അറിയാമെങ്കിലും ഇപ്പോൾ വധിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ അമീറിന് ഖമനേയി നിർണായക സന്ദേശം കൈമാറിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇറാൻ അംബാസഡറാണ് കത്ത് അമീറിന് കൈമാറിയത്. കത്ത് ലഭിച്ചെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസനയം കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. പടിഞ്ഞാറൻ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാനിലും വൻസ്ഫോടനങ്ങളുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, IRAN, ISRAEL, TRUMP, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360