
തിരുവനന്തപുരം: വിമാനത്താവളം മുതൽ നെടുമങ്ങാട് മണ്ഡലത്തിലെ പോത്തൻകോട് വരെ റോഡ് നിറഞ്ഞ് പൊലീസ്. വാഹനങ്ങൾ ഗതാഗത നിയന്ത്രണങ്ങളിൽ കുടുങ്ങി. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിൻ്റെ വാഹന വ്യൂഹത്തിന് രാജപാതയൊരുക്കാൻ പണിപ്പെടുകയായിരുന്നു പൊലീസ് .
പോത്തൻകോട് ജംഗ്ഷനിലെത്തിയതോടെ രാജ് നാഥ് സിംഗ് അതിസുരക്ഷ വാഹനത്തിൽ നിന്നിറങ്ങി തുറന്ന വാഹനത്തിലേക്ക് കയറി. നെറ്റി നിറഞ്ഞ കുങ്കുമക്കുറി, കഴുത്തിൽ കാവി ഷാൾ, വഴിനീളെ റോഡ് നിറഞ്ഞ് പ്രവർത്തകർ, പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും വാദ്യമേളങ്ങൾ മുഴക്കിയും നേതാവിന് വരവേൽപ്പ് . ഒപ്പം നെടുമങ്ങാട്ടെ എൻ ഡി എ സ്ഥാനാർത്ഥി യുവരാജ് സിംഗും. അരുവിക്കരയിലെ സ്ഥാനാർത്ഥി വിവേക് ഗോപനും വാമനപുരത്തെ സ്ഥാനാർത്ഥി വേണു കാരണവരും വാഹനത്തിൽ. നേരെ ടി. കെ. കൺവെൻഷൻ സെന്ററിലെ നിറഞ്ഞ സദസ്സിലേക്ക്.
ഘനഗംഭീര ശബ്ദത്തിൽ പ്രസംഗം.ശബരിമലയിൽ സ്വർണ്ണം കട്ട വരെ വെറുതെ വിടില്ല. ജനങ്ങൾ കൈയ്യടിച്ചു. കരുവന്നൂരിൽ സാധാരണക്കാരുടെ പണമാണ് കട്ടതെങ്കിൽ ശബരിമലയിൽ ഭഗവാന്റെ സ്വർണവും കട്ടു. സംസ്ഥാനത്തിപ്പോൾ സാധാരണക്കാർക്കും ദൈവത്തിനും രക്ഷയില്ല. ഭീകരപ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ.യുടേയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്തുണയ്ക്ക് വേണ്ടി മൽസരിക്കുകയാണ് ഭരണ, പ്രതിപക്ഷ മുന്നണികൾ . ഭ്രമയുഗത്തിൽ നിന്ന് സംസ്ഥാനത്തെ സത്യയുഗത്തിലേക്ക് നയിക്കുമെന്ന ഉറപ്പ് നൽകിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |