
പത്തനംതിട്ട: ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറൻമുള. എൽ.ഡി.എഫിനായി മന്ത്രി വീണാജോർജ് തുടർച്ചയായി മൂന്നാം പോരാട്ടത്തിലാണ്. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെയാണ് യു.ഡി.എഫ് കളത്തിലിറക്കിയത്. എൻ.ഡി.എക്കായി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്തുണ്ട്. ബി.ജെ.പി എ ക്ളാസ് മണ്ഡലമായി കരുതുന്ന ആറൻമുളയിൽ കുമ്മനം മനസ് തുറക്കുന്നു:
ബി.ജെ.പിയുടെ ശക്തരായ സ്ഥാനാർത്ഥികളിൽ ഒരാളാണ് താങ്കൾ. എതിരാളികളും കരുത്തരാണ്. മണ്ഡലം പിടിക്കുമോ ?
ആറൻമുളക്കാർക്ക് എന്നെ അറിയാം. ഇവിടെ എനിക്ക് പരിചയമില്ലാത്ത ഒരു സ്ഥലവുമില്ല. എല്ലായിടത്തും രാഷ്ട്രീത്തിനുപരിയായി സുഹൃത്തുക്കളുമുണ്ട്. എൻ.ഡി.എയുടെ സംഘടനാ സംവിധാനം ആറൻമുളയിൽ ശക്തമാണ്. ഏതു വെല്ലുവിളികളെയും മറികടക്കാൻ കഴിയുന്ന ആത്മാർത്ഥതയോടും ചിട്ടയോടുമുള്ള പ്രവർത്തനമാണ് നടക്കുന്നത്. വിജയം ഉറപ്പാണ്.
വിമാനത്താവള വിരുദ്ധസമര നായകൻ, പരിസ്ഥിതി സ്നേഹി എന്നിങ്ങനെയാണ് അങ്ങയെ മണ്ഡലത്തിൽ പരിചയപ്പെടുത്തുന്നത് ?
യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും മാറിമാറി പരീക്ഷിച്ചിട്ടും പുരോഗതിയും വികസനവും ഉണ്ടാകാത്ത മണ്ഡലമാണ് ആറൻമുള. ആറൻമുള ലോക പ്രശസ്തമാണെങ്കിലും പൈതൃക സമ്പത്തിനെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിനായി എഴുതുകയും പാടുകയും ചെയ്ത കവയിത്രി സുഗതകുമാരിയുടെ നാട് അവഗണിക്കപ്പെടുന്നു.
ആരോഗ്യരംഗത്തെ വികസനം ഉയർത്തിയാണ് വീണാജോർജ് വോട്ടർമാരെ കാണുന്നത് ?
മണ്ഡലത്തിന് ആരോഗ്യമില്ല. ആരോഗ്യരംഗത്ത് വേദനാജനകമായ സംഭവങ്ങളാണ് നടന്നത്. നല്ല ചികിത്സ ലഭിക്കുന്ന ആശുപത്രികളില്ല. പണിതീരാത്ത കെട്ടിടങ്ങളിൽ ഉദ്ഘാടനം നടത്തിയാൽ വികസനമാവില്ല. ഞാൻ നടത്തിയ ഒരു സർവേയിൽ ആറൻമുളയിലെ എഴുപത്തിയഞ്ച് ശതമാനം ആളുകളും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.
മണ്ഡലത്തിൽ എൻ.ഡി.എയുടെ പ്രധാന എതിരാളി ആരാണ് ?
എതിരാളികളായ രണ്ട് മുന്നണികൾക്കും ആധിപത്യമുണ്ടായിരുന്ന മണ്ഡലമാണ് ആറൻമുള. ഇരുവരുടെയും പ്രവർത്തനങ്ങൾ നാടിന് ഗുണകരമല്ലെന്നു കണ്ടാണ് ജനം ബി.ജെ.പിയോട് അടുത്തത്. മണ്ഡലത്തിന്റെ വികസനത്തിന് എൻ.ഡി.എ വിജയിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനം ജനം കണ്ടറിഞ്ഞതാണ്. പാവങ്ങളുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതികൾ കേരളത്തിന് പ്രയോജനപ്പെടാതെ പോവുകയാണ്.
ശബരിമല സ്വർണക്കൊള്ള വിഷയം എൻ.ഡി.എ ഉന്നയിക്കുന്നില്ലെന്നും സി.പി.എം - ബി.ജെ.പി ഡീലാണെന്നുമാണ് യു.ഡി.എഫ് ആരോപണം?
വിശ്വാസം, വികസനം, സുരക്ഷിതത്വം എന്നിവയാണ് എൻ.ഡി.എ മുന്നോട്ടുവയ്ക്കുന്നത്. ആറൻമുളക്കാർക്ക് വിശ്വാസം വലിയ വിഷയമാണ്. സ്വർണക്കൊള്ളയിൽ ബി.ജെ.പിയാണ് ശക്തമായ സമരം നടത്തിയത്. സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് സി.പി.എം, കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം പുറത്തുവന്നതാണ്. ആരുടെയും വിശ്വാസവും ആചാരവും ഹനിക്കാൻ പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |