SignIn
Kerala Kaumudi Online
Friday, 12 June 2026 3.59 AM IST

നെടുമങ്ങാട് മണ്ഡലത്തിൽ മൂന്നാംസ്ഥാനത്ത് ആരെത്തും? ജനവിധി തേടുന്നത് അതിശക്തർ

ndd

എൽ ഡി എഫ് സ്ഥാനാർത്ഥി സി പി ഐയിലെ മന്ത്രി, യു ഡി എഫ് സ്ഥാനാർത്ഥി മുൻ സി പി ഐക്കാരൻ. സംസ്ഥാനം ഉറ്റുനോക്കുന്നതല്ലെങ്കിലും തിരുവനന്തപുരം ജില്ലയിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നാണ് നെടുമങ്ങാട്. എൽഡിഎഫിന് മേൽകെെയുള്ള മലയോര മണ്ഡലമായ ഇവിടെ എൽ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ജി ആർ അനിലിനെയാണ്. കഴിഞ്ഞ തവണ അനിലിന്റെ വിജയത്തിനായി ഒപ്പം നിന്ന് പ്രവർത്തിച്ച മീനാങ്കൽ കുമാർ ഇത്തവണ മറുകണ്ടം ചാടി അനിലിനെ നേരിടുന്നു. യുവത്വത്തിന്റെ മുഖമായി ബി ജെ പിയുടെ യുവരാജ് ഗോകുലും മത്സരരംഗത്തുണ്ട്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മൂവരും.

ഇത്തവണയും ജി ആർ അനിൽ വിജയിക്കാൻ സാദ്ധ്യത ഏറെയെന്നാണ് വോട്ടർമാർ പറയുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസനപദ്ധതികളും അനിലിന്റെ ജനകീയതയുമാണ് അതിനുള്ള കാരണമായി അവർ നിരത്തുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ കോടികളുടെ വികസന പദ്ധതികളുടെ പേരെടുത്തുപറയാൻ കഴിയുന്നതുതന്നെ തങ്ങളുടെ മികവാണെന്നാണ് എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും പറയുന്നത്.

അനിലിനെതിരെ ഒരുതരത്തിലുള്ള ആരോപണങ്ങൾ ഇല്ലെന്നതും അദ്ദേഹത്തിന്റെ വിജയ സാദ്ധ്യത ഉയർത്തുന്നു. യു ഡി എഫ് പ്രവർത്തകർ പോലും രഹസ്യമായി ഇത് സമ്മതിക്കുന്നുണ്ട്. മണ്ഡലത്തിലെ മുക്കും മൂലയും അറിയാം. മാത്രമല്ല മണ്ഡലത്തിലെ എന്തുകാര്യത്തിനും അനിൽ അവിടെ ഉണ്ടായിക്കും. അതിനി കല്യാണമോ മരണമോ ആയിക്കോട്ടെ. ഒരു മന്ത്രിയുടെ പത്രാസില്ലാതെ തങ്ങളിലൊരുവനായി അവിടെയെത്തുന്ന അനിലിനെ സ്വന്തക്കാരെപ്പോലെയാണ് മണ്ഡലത്തിലുള്ളവർ കാണുന്നത്. ഒരു മന്ത്രിയുടെ തിരക്കുകൾക്കിടയിലും ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകും എന്ന് ഉറപ്പിച്ച് കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് യു ഡി എഫും. ശബരിമല സ്വർണക്കൊള്ളയും , ആരോഗ്യരംഗത്തെ ശോചനീയാവസ്ഥയുമാണ് അവരുടെ മുഖ്യ പ്രചരാണായുധം. എന്നാൽ അടുത്തിടെ സി പി ഐ പുറത്താക്കിയതിനെത്തുടർന്ന് കോൺഗ്രസ് പാളയത്തിൽ ചേക്കേറിയ മീനാങ്കൽ കുമാറിന് സീറ്റുനൽകിയത് മണ്ഡലത്തിലെ പല യു ഡി എഫുകാർക്കും ഉൾക്കൊള്ളാനാവുന്നില്ല. അനിലിന് പറ്റിയ എതിരാളിയല്ല കുമാറെന്നാണ് അവർ പറയുന്നത്. ഇക്കാരണങ്ങളെല്ലാം കൊണ്ട് പ്രചാരണരംഗത്ത് സജീവമാകാൻ പല കോൺഗ്രസുകാരും ഇപ്പോഴും തയ്യാറായിട്ടില്ല. ഇത് യു ഡി എഫിനെ മൂന്നാം സ്ഥാനത്തേക്ക് തളളുമാേ എന്ന പേടി കോൺഗ്രസുകാർക്കുണ്ട്.

രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ വികസനം എണ്ണിപ്പറഞ്ഞാണ് എൻഡിഎ സ്ഥാനാർത്ഥി യുവരാജ് ഗോകുൽ മണ്ഡലത്തിൽ എത്തുന്നത്. യുവാവ് എന്ന പ്രതിച്ഛായ ചില പ്രദേശങ്ങളിൽ ബിജെപിക്ക് അനുകൂലമായി കൂടുതൽ വോട്ട് കിട്ടുന്നതിന് കാരണമാകും എന്ന് പാർട്ടി കണക്ക് കൂട്ടുന്നുണ്ട്. കേന്ദ്രത്തിലെ വികസനം എണ്ണിപ്പറയുന്നതിനൊപ്പം ശബരിമലയിലെ സ്വർക്കൊള്ളയും അവർ പ്രചാരണവിഷയമാക്കുന്നുണ്ട്. നാട്ടുകാരെയും നാട്ടുകാർക്കും അറിയാവുന്ന വ്യക്തി എന്നത് യുവരാജിന് ബോണസ് മാർക്കാണെന്നും ബി ജെ പി കേന്ദ്രങ്ങൾ കരുതുന്നു. സി പി എം കോട്ട എന്ന വിശേഷണമുള്ള മാണിക്കൽ പഞ്ചായത്തിൽ ഉൾപ്പെടെ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടാൻ കഴിഞ്ഞതും വോട്ടുനില ഉയർത്തിയതും തങ്ങൾക്ക് അനുകൂലമായേക്കും എന്ന കണക്കുകൂട്ടലും ബി ജെ പിക്കുണ്ട്. മണ്ഡലം പിടിച്ചെടുത്തില്ലെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ യുവരാജിനാവും എന്നും അവർ കണക്കുകൂട്ടുന്നു.

പ്രബലരായ മൂന്നു സ്ഥാനാർത്ഥികൾക്കൊപ്പം സ്വതന്ത്രർ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളും മണ്ഡലതതിൽ പ്രചാരണ രംഗത്ത് സജീവമാവുകയാണ്. മൂന്ന് മുന്നണികളും ശക്തമായ പ്രചാരണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ നെടുമങ്ങാട്ടെ പോരാട്ടം കനക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEDUMANGADU, ELECTION 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA